ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള പാക് ആക്രമണം സ്ഥീരീകരിച്ച് തീരസംരക്ഷണ സേന.
വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.
ബോട്ടിലുണ്ടായിരുന്നവരിൽ നിന്ന് വിവരം ശേഖരിച്ചു വരികയാണെന്ന് തീരസംരക്ഷണ സേന അറിയിച്ചു.
ഇന്ന് രാവിലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയിൽ നിന്ന് പോയ ജൽപാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്.
ബോട്ടിൽ ഏഴ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആക്രമണത്തിൽ ശ്രീധർ എന്നയാൾ കൊല്ലപ്പെട്ടു.
മറ്റ് ആറ് പേരെയും സുരക്ഷിതമായി കരയിൽ എത്തിച്ചെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
കരയിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
മത്സ്യതൊഴിലാളികൾ മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ ഗുജറാത്ത് പൊലീസും അന്വഷണം തുടങ്ങി. നേരത്തെയും ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചിട്ടുണ്ട്.
2015 നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും പാക് നാവികസേന നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.