മണ്ഡലകാലം ഇന്ന് സമാപിക്കും

ശബരിമല അയ്യപ്പന് തങ്കി അങ്കി ചാര്‍ത്തി ഇന്ന് രാവിലെ 11.50നും ഉച്ചയ്ക്ക് 1.15നും ഇടയിലുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കും. നാല്‍പത്തി ഒന്ന് ദിവസം നീണ്ടുനിന്ന മണ്ഡലമാസ പൂജകള്‍ക്ക് ഇതോടെ പരിസമാപ്തിയാകും.

രാത്രിയോടെ അയ്യപ്പനെ യോഗദണ്ഡും ജപമാലയും ധരിപ്പിച്ച ധ്യാനമന്ത്രം ചൊല്ലിയതിനുശേഷം ഹരിവരാസനം പാടി നടയടക്കും. മകരവിളക്ക് ഉത്സവത്തിനായി 30ാം തീയതിയാകും വീണ്ടും നട തുറക്കുക. 31 ന് പുലര്‍ച്ചെ മുതലാകും ഭക്തര്‍ക്ക് ദര്‍ശനം.

ഭക്തിസാന്ദ്രമായ സന്ധ്യയിലായിരുന്നു ശബരിമല അയ്യപ്പന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നത്. തങ്കയങ്കി ഘോഷയാത്രക്ക് ശരംകുത്തിയില്‍ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ആചാരപരമായ വരവേല്‍പ്പ് നല്‍കി. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപനും ചേര്‍ന്ന് സ്വീകരിച്ചു. തന്ത്രിയും മേല്‍ശാന്തിയും തങ്കയങ്കി ഏറ്റുവാങ്ങി തുടര്‍ന്ന് ദീപാരാധന നടന്നു. തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ ദര്‍ശനത്തിനായി ആയിരങ്ങളാണ് സന്നിധാനത്ത് കാത്തുനിന്നു.

കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര. വെള്ളിയാഴ്ച രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ഇന്നലെ പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉച്ചയോടെ തങ്ക അങ്കി പമ്പയിലെത്തി. വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തി. പമ്പയിലും അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു.

അതേസമയം നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു.

spot_img

Related Articles

Latest news