ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 9 കുട്ടികളടക്കം 19 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ന്യൂയോർക്ക് മേയർ അറിയിച്ചു.
ബ്രോങ്ക്‌സിലെ 19 നില കെട്ടിടത്തിലാണ് തീ പടർന്നത്. രാവിലെ 11 മണിക്ക് രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള തകരാറിലായ സ്പേസ് ഹീറ്ററിൽ നിന്നാണ് തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു.
കെട്ടിടത്തിലെ താമസക്കാരിൽ പലരും പശ്ചിമാഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. നഗര ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടുത്തങ്ങളിലൊന്നാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈസ്റ്റ് 181 സ്ട്രീറ്റിലെ തീപിടുത്തത്തെക്കുറിച്ച് വിളിച്ച് മൂന്ന് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ എത്തി. 200-ലധികം അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ ഒമ്പത് പേരും 16 വയസോ അതിൽ താഴെയുള്ളവരോ ആണെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.