ന്യൂഡല്‍ഹി: കര്‍ഷകസമരം അനിശ്ചിതമായി നീളുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ ദീര്‍ഘകാലം താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സംയുക്ത കര്‍ഷക മോര്‍ച്ച നേതാക്കള്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സമരസ്ഥലത്തെ വാര്‍ത്താവിനിമയ സൗകര്യങ്ങളും മറ്റു അടിസ്ഥാന സംവിധാനങ്ങളും വര്‍ധിപ്പിക്കുമെന്ന് സമരക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ദീപ് ഖത്രി പറഞ്ഞു.
പ്രതിഷേധം നടക്കുന്ന പ്രധാന വേദിയിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിലും വിഡിയോ റെക്കോഡിങ്ങോടു കൂടിയ 100 സി.സി.ടി.വി സ്ഥാപിക്കും. ഇന്റര്‍നെറ്റ് സൗകര്യം തടസ്സമില്ലാതെ കിട്ടാന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പ്രഭാഷണങ്ങള്‍ എല്ലാവര്ക്കും കേള്‍ക്കുന്നതിന് 700-800 മീറ്റര്‍ ദൂരത്തില്‍ എല്‍.സി.ഡി സ്ഥാപിക്കും. സമരത്തിനിടെ സാമൂഹികദ്രോഹികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതിനാല്‍ യൂനിഫോമിലും അല്ലാതെയുമുള്ള വളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം നിയന്ത്രിക്കുന്നതിന് പുറമെ ഇവര്‍ സമരമേഖലയില്‍ പട്രോളിങ് നടത്തും. ലങ്കാര്‍ (സാമൂഹിക അടുക്കള) സംസ്കാരത്തില്‍നിന്ന് വരുന്ന തങ്ങള്‍ക്ക് ദീര്‍ഘനാള്‍ താമസിക്കുമ്പോള്‍ ഭക്ഷണം പ്രശ്നമാവില്ലെന്ന് കര്‍ഷകനായ രഞ്ജിത് സിങ് പറഞ്ഞു. ഗ്രാമങ്ങളില്‍നിന്ന് കര്‍ഷകര്‍ വരുന്നു. കുറച്ചുകാലം താമസിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോള്‍ മറ്റൊരു സംഘം വരുന്നു, ഇതൊരു തുടര്‍പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.