57 പേരുടെ മരണത്തിനിടയാക്കിയ പാകിസ്താൻ നഗരമായ പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 57 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച പെഷവാറിലെ പള്ളിക്ക് സമീപം രണ്ട് ഭീകരർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും, തുടർന്ന് അവരിൽ ഒരാൾ കെട്ടിടത്തിൽ പ്രവേശിച്ച് സ്ഫോടനം നടത്തികയും ചെയ്തു.
ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേർ സ്ഫോടനത്തെ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി) ശക്തമായി അപലപിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്ച ചാവേർ സ്ഫോടനത്തെ അപലപിച്ചു. “വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പാകിസ്താനിലെ പെഷവാറിലെ പള്ളിയിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്റെ അനുശോചനം, പാകിസ്ഥാനിലെ ജനങ്ങളോടുള്ള എന്റെ ഐക്യദാർഢ്യം അറിയിക്കുന്നു” യുഎൻ മേധാവി ട്വീറ്റ് ചെയ്തു.