നിർണായക കോൺഗ്രസ് പ്രവർത്തക യോഗം ഇന്ന് ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംബന്ധിച്ച വിഷയം പരിഗണിക്കാനാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്ക് മടങ്ങി വരണമെന്ന ആവശ്യം യോഗത്തിൽ ഉയരും.
രാഹുൽ ഗാന്ധിക്ക് താത്പര്യം ഇല്ലെങ്കിൽ മറ്റൊരു നേതാവിനെ സ്ഥിരം അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി വിമത വിഭാഗമായ ജി 23 രംഗത്തെത്തിയിട്ടുണ്ട്. ഗുലാം നബി ആസാദ്, ശശി തരൂർ എന്നിവരെല്ലാം നേതൃമാറ്റം അനിവാര്യമാണെന്ന അഭിപ്രായം പങ്കുവച്ചു.
ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്.
മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങൾ.