സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഗോതബയ രജപക്‌സെ. മന്ത്രി ജോണ്‍സണ്‍ ഹെര്‍ണാണ്ടോ ആണ് പ്രസിഡന്റിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണ് എന്നാണ് പ്രസിഡന്റിന്റെ നിലപാട്.
പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. രാജ്യത്തെ പ്രതിസന്ധിയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി വക്താവ് ദുമിന്ത ദിനസാകെ പ്രതികരിച്ചു.
തന്റെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയെ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് ശേഷം ഐക്യ സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റിന്റെ ക്ഷണം ശ്രീലങ്കയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരസിച്ചു. ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഞായറാഴ്ച രാത്രി, ആളുകള്‍ കര്‍ഫ്യൂ ലംഘിച്ച് തെരുവില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 26 ക്യാബിനറ്റ് മന്ത്രിമാരാണ് രാജിവച്ചത്.
പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ മാതൃകയാണ് രാജ്യത്ത് ആഗ്രഹിക്കുന്നതെന്ന് യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സ് നേതാവ് സജിത് പ്രേമദാസ പറഞ്ഞു. നേതൃമാറ്റം മാത്രമല്ല, പുതിയ ശക്തമായ ഭരണസംവിധാനങ്ങള്‍ വേണം, അതാണ് പുതിയ ശ്രീലങ്കയ്ക്ക് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേ സമയം തന്റെ പാര്‍ട്ടിയായ തമിഴ് പീപ്പിള്‍സ് അലയന്‍സും പ്രധാന മുസ്ലീം പാര്‍ട്ടിയായ ശ്രീലങ്ക മുസ്ലീം കോണ്‍ഗ്രസും ഐക്യ സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് മനോ ഗണേശന്‍ വ്യക്തമാക്കി.
ഇന്നലെ അര്‍ധരാത്രി പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്. മുന്‍മന്ത്രി റോഷന്‍ രണസിംഗയുടെയും ഗമിനി ലൊക്കൂജിന്റെയും വീടിന് നേരെ പ്രക്ഷോഭത്തിനിടെ ആക്രമണമുണ്ടായി. സമരക്കാര്‍ മന്ത്രിമന്ദിരങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.