കോടഞ്ചേരിയിലെ മിശ്രവിവാഹ വിവാദത്തിൽ ജോർജ് എം തോമസിനെതിരായ സിപിഐഎം നടപടി ഇന്ന്. ഉച്ചയ്ക്ക് ശേഷം ചേരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും നടപടി ചർച്ച ചെയ്യും.
സംസ്ഥാന സമിതിയുടെ നിർദേശപ്രകാരമാണ് ജോർജ് എം തോമസിനെതിരെ ഉള്ള നടപടി ചർച്ച ചെയ്യാൻ ജില്ലാ നേതൃയോഗങ്ങൾ ചേരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ നടപടി തീരുമാനിക്കും. ശേഷം ജില്ലാ കമ്മിറ്റി ചേരും.
സംസ്ഥാന സെക്രട്ടറിയേറ്റംഗം ടിപി രാമകൃഷ്ണനും യോഗങ്ങളിൽ പങ്കെടുക്കും. കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ തിരുവമ്പാടി മുൻ എംഎൽഎ ജോർജ് എം.തോമസിന്റെ ലൗ ജിഹാദ് പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഐഎം നടപടിക്കൊരുങ്ങുന്നത്.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയും, പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിന്റെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ജോർജ് എംതോമസിന്റെ പരാമർശം. ഷെജിന്റെയും ജോസനയുടെയും വിവാഹം സമുദായ സ്പർധഉണ്ടാകുമെന്ന ജോർജ് എം തോമസിന്റെ പ്രസ്താവന പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ശാസന അടക്കമുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.