കോഴിക്കോട്: അധികാരം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചാൽ രാഷ്ട്രം തകരുമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. കക്ഷികളായി വേറിട്ടു നിന്ന് പ്രവർത്തിക്കാൻ ഇന്ത്യയിൽ എല്ലാ പാർട്ടികൾക്കും അവകാശമുണ്ട്. വേറിട്ട ആശയങ്ങളും പ്രവർത്തന രീതികളുമുണ്ട്. എന്നാൽ പൊതു ലക്ഷ്യം ഒന്നാണെന്നതിനാൽ നാടിന്റെ കാര്യത്തിൽ ഐക്യപ്പെടാനാകണം. അധികാര രാഷ്ട്രിയം തെറ്റല്ല കാരണം അധികാരം കിട്ടിയാലേ ഓരോ പാർട്ടിക്കും ജനങ്ങളോട് പറഞ്ഞത് പാലിക്കാൻ കഴിയൂ. അധികാരത്തെ ദുരുപയോഗം ചെയ്യരുത്. പകവീട്ടാനും വിദ്വേഷങ്ങളെ പ്രചരിപ്പിക്കാനും വേണ്ടി അധികാര രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തിയാൽ രാജ്യം തകരും.
മനുഷ്യർ തമ്മിലും രാജ്യങ്ങൾ തമ്മിലും മികച്ച സൗഹൃദം നിലനിർത്തിപ്പോരുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ.
നിരുത്തരവാദപരമായ പദപ്രയോഗങ്ങളും പ്രസംഗങ്ങളും ഈ സൗഹൃദത്തെ മാത്രമല്ല ഇന്ത്യയെയാണ് തകർക്കുക.
അതിനെതിരെ നല്ല രാഷ്ട്രീയ ജാഗ്രത വേണ്ടതുണ്ട്. വിദ്വേഷ പ്രചാരണങ്ങളെ നേരിടേണ്ടത് തീവ്രവാദത്തിൻ്റെ വഴിയിലല്ല. ആത്മവിശ്വാസം നഷ്ട്ടപ്പെട്ടവരാണ് ആയുധമെടുത്ത് തെരുവിലിറങ്ങുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു. വെറുപ്പിൻ്റെ രാഷ്ട്രീയം നാടിനെ അസ്ഥിരപ്പെടുത്തും എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ജനാധിപത്യ ജാഗരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് ത്വാഹാ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രമേയപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ്, മാധ്യമ പ്രവർത്തകരായ കെ.സി.സുബിൻ, മുസ്തഫ പി. എറയ്ക്കൽ, റഹ്മത്തുല്ലാഹ് സഖാഫി എളമരം പ്രസംഗിച്ചു. എം.മുഹമ്മദ് സ്വാദിഖ് വെളിമുക്ക് സ്വാഗതവും ബശീർ പറവന്നൂർ നന്ദിയും പറഞ്ഞു.