തിരക്കേറിയ ലോകമാണ് നമുക്ക് ചുറ്റും. മാനസിക പിരിമുറുക്കങ്ങളും ജീവിത സംഘർഷങ്ങളും ദിവസേന കൂടുന്നു. പലവിധ തിരക്കുകൾ മൂലം സ്വന്തം ആരോഗ്യത്തെ ശ്രദ്ധിക്കാൻ പലരും സമയം കണ്ടെത്താറില്ല.
പോഷകാഹാരങ്ങളും വ്യായാമങ്ങളും അവഗണിച്ച് തിരക്കേറിയ ജീവിതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുന്നവർ തങ്ങളുടെ ആരോഗ്യത്തെയാണ് പണയം വെക്കുന്നതെന്ന സത്യം പലപ്പോഴും മറന്നു പോകാറുണ്ട്. ക്രമേണ ആരോഗ്യപ്രശ്നങ്ങൾ പലതായി തലപൊക്കി തുടങ്ങുമ്പോൾ മാത്രമാണ് പലരും വ്യായാമങ്ങളിലേയ്ക്കും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേയ്ക്കും തിരിയുന്നത്.
എന്നാൽ മറ്റ് വ്യായാമ മുറകളെ അപേക്ഷിച്ച് മനസിനെ ഏകാഗ്രമാക്കാനും ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാനും യോഗ പരിശീലിക്കുന്നത് കൊണ്ട് സാധിക്കും. യോഗയെന്നാൽ ശരീരം, മനസ്സ്, പ്രകൃതി എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കലാണ്.
ഇന്ന് യോഗയ്ക്ക് പല അർഥങ്ങളുണ്ട്. ഏകാഗ്രതയ്ക്ക്, സന്തോഷത്തിന്, സമാധാനത്തിന്, ശരീര സൗന്ദര്യത്തിന്, വിജയത്തിന്, ആരോഗ്യത്തിന്, ചെറുപ്പമായിരിക്കാൻ.
എല്ലാറ്റിനും യോഗയിൽ ഇന്ന് പരിഹാരമുണ്ട്. പ്രായമുള്ളവരും രോഗമുള്ളവരുമാണ് യോഗ ചെയ്യുന്നത് എന്നായിരുന്നു പണ്ടൊക്കെ ആളുകൾ വിശ്വസിച്ചിരുന്നത്. ഇന്ന് ആ ധാരണ പാടെ മാറിയിരിക്കുന്നു. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒട്ടേറെപ്പേർ യോഗ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു.
യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തികളുടെ ആരോഗ്യം, ചിന്ത,പെരുമാറ്റം,ജീവിതശൈലി, രോഗങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജവും ഉന്മേഷവും ലഭിച്ച് തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, യോഗ കൊണ്ട് അർഥമാക്കുന്നത് സമഗ്രമായ ഒരു ആരോഗ്യപദ്ധതിയാണ്.
By..Amaal Mariam
www.mediawings.in