തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് സജി ചെറിയാൻ രാജിവെച്ചത്. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ സജി ചെറിയാനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. സി.പി.എം കേന്ദ്രനേതൃത്വവും സജി ചെറിയാൻ രാജിവെക്കണമെന്ന നിലപാട് എടുത്തിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ സമ്മർദ്ദമാണ് സജി ചെറിയാന്റെ രാജിക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്.
ഭരണഘടനയെ ഒരിക്കലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. രാജിവെക്കാനുള്ള തീരുമാനം സ്വതന്ത്രമായി എടുത്തതാണ്. 1959ലെ ഇ.എം.എസ് സർക്കാറിന്റെ പിരിച്ചുവിടൽ, അടിയന്തരാവസ്ഥ, ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കൽ തുടങ്ങി പല വിഷയങ്ങളിലും ഭരണഘടനയുടെ അന്തസത്ത ഉയർത്തിപിടിക്കുന്നതിൽ കേന്ദ്രത്തിൽ ഭരണത്തിലിരുന്ന മുൻ കോൺഗ്രസ് സർക്കാറുകളും ഇപ്പോഴുള്ള ബി.ജെ.പി സർക്കാറും പരാജയപ്പെട്ടു. ഇത് തന്റേതായ ശൈലിയിൽ പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ പലരും ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഈ പ്രചരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് രാജി തീരുമാനമെന്നും സജി ചെറിയാൻ പറഞ്ഞു.