കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ്റെ വിദേശ യാത്രകൾ അന്വേഷിക്കുന്നു. വിദേശ യാത്രകളുടെ വിവരങ്ങൾ, സമീപകാലത്ത് നടന്ന ബാങ്ക് ഇടപാടുകൾ, വിദേശത്തേക്ക് നടത്തിയ ഫോൺ കോൾ വിവരങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളുമാണ് പോലീസ് ശേഖരിക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കാൻ പ്ലസ്ടു വിദ്യാർഥിനിയെ പ്രരിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മട്ടാഞ്ചേരി സ്വദേശി പുത്തന്‍ പുരയ്ക്കല്‍ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. വ്ലോഗറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള സംഭാഷണദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ചൊവ്വാഴ്ച മട്ടാഞ്ചേരിയിലെ പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘം ഫ്രാൻസിസ് നെവിൻ്റെ പക്കൽ നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എസ് പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്.
എക്സൈസ് ഓഫിസിനുള്ളിൽ വെച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ച പ്രതിയുടെ വീഡിയോ പുറത്തുവന്ന സംഭവത്തിൽ എക്സൈസിൽ അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തിൽ സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എക്സൈസ് ഇന്റലിജൻസ് കൈമാറിയിരുന്നു.
അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ വെച്ച് ലഹരി ഉപയോഗത്തിൻ്റെ നേട്ടങ്ങളും ഗുണങ്ങളും വിവരിച്ചതും പാട്ട് പാടിയതും ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കും. സ്റ്റേഷിൽ വെച്ച് വീഡിയോ ചിത്രീകരിച്ചതും ദൃശ്യങ്ങൾ പുറത്ത് പോയതും അന്വേഷണ പരിധിയിലുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ എക്സൈസ് വിജിലൻസ് എസ്പി കെ.മുഹമ്മദ് ഷാഫിക്ക് നൽകിയിരിക്കുന്ന നിർദേശം.ഭൂമിയിൽ വിത്ത് വീണ് മുളച്ചുവരുന്ന ചെടിയാണ് കഞ്ചാവ് എന്നാണ് സ്റ്റേഷനിൽ വെച്ച് വ്ലോഗർ പറഞ്ഞത്.
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരിക്കുവരെ കഞ്ചാവ് വലിക്കും. കഞ്ചാവ് എനിക്ക് തെറ്റാണെന്ന് തോന്നിയിട്ടില്ല. ഞാൻ പ്രകൃതിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ല. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണ്. താൻ മരണംവരെ കഞ്ചാവ് ഉപയോഗിക്കും” – എന്നാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞത്.