ഖത്തർ: 2022 ലോകകപ്പ് ഖത്തർ ടിക്കറ്റ് ഉടമകൾക്ക് സൗദി അറേബ്യ വിസ അനുവദിക്കുമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
ഹയ്യ ഫാൻ ഐഡിയുള്ള കാണികൾക്ക് ടൂർണമെന്റ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന വിസയാണ് നൽകുകയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം 60 ദിവസം തങ്ങാൻ അനുവദിക്കുമെന്നും അറിയിച്ചു.
ആ കാലയളവിൽ അവർക്ക് പുറത്തുപോകാനും രാജ്യത്ത് വീണ്ടും പ്രവേശിക്കാനും വിസ അനുവദിക്കും. വിസയ്ക്ക് അപേക്ഷിക്കുന്നവർ സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ മെഡിക്കൽ ഇൻഷുറൻസ് നേടിയിരിക്കണം.
നവംബർ 20-ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെ ദോഹയിലെ അൽ-ബൈത്ത് അരീനയിയാണ് ആദ്യ മത്സരം.
സന്ദർശകരുടെ വരവ് കാരണം അടിസ്ഥാന സൗകര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് ഖത്തർ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഈ മാസം 2.45 ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ റിപ്പോർട്ട് ചെയ്തു. ഏകദേശം 2.7 ദശലക്ഷത്തോളം വരുന്ന രാജ്യത്തെ ജനസംഖ്യ ടൂർണമെന്റിന്റെ കാലയളവിനുള്ളിൽ ഇരട്ടിയാകുമെന്നാണ് ഇത് കാണിക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് ദുബായിൽ ഹോട്ടൽ ബുക്കിംഗിൽ വർധനവുണ്ടായതായാണ് റിപ്പോർട്ട്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ റിസോർട്ട് ദ്വീപായ കിഷിൽ ചില കാണികൾക്ക് ആതിഥ്യമരുളാൻ വേണ്ടി അധികാരികൾ ഇറാനുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ദ്വീപിലെ ഹോട്ടലുകൾക്കും ഖത്തറിലെ സ്റ്റേഡിയങ്ങൾക്കുമിടയിൽ ആരാധകർക്ക് ‘ഷട്ടിൽ ഫ്ലൈറ്റിൽ’ വരാൻ കഴിയും.