‘പ്രസന്നന്റെ പ്രതികാരം’; കള്ളനായി ചിത്രീകരിച്ച ഓസ്ട്രേലിയൻ പോലീസിനെ മുട്ടുകുത്തിച്ച് മലയാളി ഡോക്ട‍ർ

ഓസ്ട്രേലിയ: പരാതി കിട്ടിയ ഉടൻ അന്വേഷണം പോലും നടത്താതെ കള്ളനാക്കി ചിത്രീകരിച്ച ഓസ്ട്രേലിയൻ പോലീസിനെ മുട്ടുകുത്തിച്ച് മലയാളി ഡോക്ടർ. 18 വർഷത്തോളമായി ഓസ്ട്രേലിയയിൽ താമസമാക്കിയ തൃശൂർ പൂങ്കുന്നം സ്വദേശി പൊങ്ങണംപറമ്പിൽ ഡോ പ്രസന്നനാണ് രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയൻ പോലീസിനെക്കൊണ്ട് മാപ്പു പറയിച്ചത്. മെൽബണിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ് പ്രസന്നൻ.

പാക്കൻഹാം ടൗൺ ഏരിയയിലെ പോലീസിന്റെ ഫേസ്ബുക്ക് പോജിൽ മദ്യമോഷ്ടാവിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രം ഡോ പ്രസന്നന്റേതായിരുന്നു. വിദേശ പൗരന്റെ ഫോട്ടോ പേജിൽ വന്നതോടെ വംശീയ കമന്റുകളുമായി സ്വദേശികൾ രംഗത്തെത്തി.
പരാതിക്കാരുടെ കടയിൽ നിന്നും ഡോ പ്രസന്നൻ മാദ്യം വാങ്ങിയിരുന്നു. മദ്യം പണംകൊടുത്തു വാങ്ങിയ ശേഷം ബില്ലും കൈപ്പറ്റി. എന്നാൽ കാറിൽ കയറിയ ശേഷം കടക്കാ‍ർ‍ കൂടുതൽ പണം ഈടാക്കിയെന്ന സംശയത്തെത്തുട‍ർന്ന് പ്രസന്നൻ മദ്യവും ബില്ലുമായി കടയിൽ മടങ്ങിയെത്തി. സംശയ നിവാരണത്തിനു ശേഷം പ്രസന്നൻ കുപ്പിയുമായി മടങ്ങി. ഇതിന്റെ മാത്രം ദൃശ്യങ്ങളുപയോഗിച്ച് പോലീസ് ഡോക്ടറെ മദ്യ മോഷ്ടാവായി ചിത്രീകരിക്കുകയായിരുന്നു. ഒരാൾ കൗണ്ടറിൽ നിന്നും കുപ്പിയുമായി കടന്നു കളഞ്ഞെന്നായിരുന്നു കടക്കാരുടെ പരാതി.
പരാതി ലഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ബില്ലിന്റെ പക‍ർപ്പ് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് പ്രസന്നൻ നിരപരാധിയാമെന്ന് പോലീസ് തീ‍ർപ്പ് കൽപ്പിച്ചത്. പോലീസ് വരുത്തിവെച്ച അപമാനം മൂലം പ്രസന്നൻ നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചു. അങ്ങനെ ഓസ്ട്രേലിയൻ പോലീസ് ഓഗസ്റ്റ് 17ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസന്നനോട് മാപ്പ് പറഞ്ഞ് കുറിപ്പ് പ്രസിദ്ധീകരിച്ചു.

സംഭവത്തെക്കുറിച്ച് ഡോ പ്രസന്നന്റെ സുഹൃത്ത് ഡോ ജിനേഷ് പി എസ് എഴുതിയ കുറിപ്പ് വായിക്കാം.
സംഭവം നടക്കുന്നത് രണ്ടുവർഷത്തിന് മുൻപാണ്.
2020 മെയ് 16
അദ്ദേഹം വീട്ടിൽ കുടുംബ സുഹൃത്തുക്കളോടൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുകയാണ്. അപ്പോഴാണ് ഭാര്യ നിഷയെ ഒരു സുഹൃത്ത് വിളിക്കുന്നത്. വാട്സാപ്പിൽ ഒരു സ്ക്രീൻഷോട്ട് അയച്ചിട്ടുണ്ട് എന്നും അതിൽ കാണുന്നത് പ്രസന്നൻ ആണോ എന്നുമാണ് ചോദ്യം. പാക്കൻഹാം ടൗൺ ഏരിയയിലെ പോലീസിന്റെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട് ആണ്. പാക്കൻഹാം എന്ന സ്ഥലത്താണ് പ്രസന്നൻ താമസിക്കുന്നത്.
പ്രസ്തുത സ്ഥലത്ത് ഒരു മോഷണം നടന്നിരിക്കുന്നു എന്നും അതിൽ സംശയിക്കുന്ന ആളുടെ ഫോട്ടോ നൽകിയിരിക്കുന്നു എന്നുമാണ് പ്രസ്തുത സ്ക്രീൻഷോട്ട്. ചിത്രത്തിൽ ഉള്ളത് പ്രസന്നനും.

ഡാൻ മർഫി എന്ന ലിക്കർ ഷോപ്പിലെ കൗണ്ടറാണ് ചിത്രത്തിൽ ഉള്ളത്. ഇവിടെയുള്ള ഒരു വലിയ മദ്യ സൂപ്പർമാർക്കറ്റ് ചെയിൻ ആണ് ഡാൻമർഫി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 50ലധികം ഷെയർ പ്രസ്തുത പോസ്റ്റിന് ലഭിച്ചിരുന്നു. കമൻറ് സെക്ഷനിൽ റേസിസ്റ്റ് കമന്റുകൾ വരെയുണ്ട്. തൊലിക്ക് വെളുപ്പുനിറം ഇല്ലാത്ത ഫോട്ടോയിലെ ആൾ മോഷ്ടാവാണ് എന്ന് ഉറപ്പിച്ച അഭിപ്രായങ്ങൾ. പരിഹാസവും അബ്യൂസും കുറവല്ല. പ്രസന്നനും നിഷയും ആലോചിച്ചു.
ഒരു മാസം മുൻപാണ് രണ്ടുപേരും കൂടി ഡാൻ മർഫിയിൽ പോയത്. ഒരു കോക്ക്ടെയിൽ ഉണ്ടാക്കാൻ വേണ്ടി റം വാങ്ങിയതാണ്. പ്രസന്നനാണ് കടയിൽ കയറിയത്.
സാധാരണ ഇങ്ങനെ വാങ്ങുമ്പോൾ ബില്ല് കാറിൻറെ സൈഡിൽ ഇടാറുണ്ട്. ഓടിച്ചെന്ന് കാർ പരിശോധിച്ചപ്പോൾ ബില്ല് ലഭിച്ചു. ഉടൻ തന്നെ പ്രസന്നൻ ക്രൈം സ്റ്റോപ്പേഴ്സിൽ ഫോൺ വിളിച്ചു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെല്ലാൻ അവർ അറിയിച്ചു. പോലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചപ്പോൾ വൈകിട്ട് വരണ്ട, പിറ്റേദിവസം ചെന്നാൽ മതി എന്നു പറഞ്ഞു.
ഒരു വക്കീലിനെ വിളിച്ച് ഉപദേശം സ്വീകരിച്ച ശേഷം പിറ്റേദിവസം പോലീസ് സ്റ്റേഷനിൽ ചെന്നു. റസീപ്റ്റിന്റെ ഒറിജിനൽ പൊലീസിന് കൊടുക്കരുത് എന്ന് വക്കീൽ തീർത്തു പറഞ്ഞു. ഒരു ഫോട്ടോസ്റ്റാറ്റ് മാത്രമേ നൽകാവൂ എന്ന്.

പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ബന്ധപ്പെട്ട പോലീസ് ഓഫീസർ അന്ന് ഇല്ല. ഓഫീസർ എത്തുമ്പോൾ അറിയിക്കുമെന്ന് വന്നാൽമതി എന്ന് ഫ്രണ്ട് ഓഫീസിൽ നിന്ന് അറിയിപ്പ്. ഒരു ഡോക്ടർ ആണ് എന്നും ജോലിയുണ്ട് എന്നും അറിയിപ്പ് ലഭിച്ച ഉടൻതന്നെ വരാൻ പറ്റിയേക്കണം എന്നില്ല എന്നും പറഞ്ഞപ്പോൾ ഓഫീസർ ആവശ്യത്തിന് സമയം തരുമെന്നും എന്നിട്ടും വന്നില്ലെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നും മറുപടി.
കുറ്റാരോപിതൻ സ്വയം പോലീസ് സ്റ്റേഷനിൽ വന്ന സ്ഥിതിക്ക് ഫേസ്ബുക്ക് പേജിൽ നിന്നും ഫോട്ടോ മാറ്റണം എന്ന് പറഞ്ഞിട്ട് നിസംഗത. പോലീസുകാര്യം മുറപോലെ എന്ന് മറുപടി. നിങ്ങൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത് എന്ന ഒരു ചോദ്യവും.
പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ഉടനെ വീണ്ടും ക്രൈം സ്റ്റോപ്പേഴ്സിൽ വിളിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കുന്നതിനെ കുറിച്ച് ആരാഞ്ഞു. അവരും പോസിറ്റീവായ മറുപടി നൽകിയില്ല.
എന്തായാലും ഉച്ചകഴിഞ്ഞപ്പോഴേക്കും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കപ്പെട്ടു. അപ്പോഴേക്കും 77 ഷെയറുകളും നിരവധി കമന്റുകളും വന്നു കഴിഞ്ഞു. കമന്റുകൾ വായിച്ചപ്പോൾ അപമാന ഭാരം കൊണ്ട് അവരുടെ എല്ലാം തലകുനിഞ്ഞു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് ഹാജരാകാൻ പറഞ്ഞ് മെയിൽ വന്നു. ഡോക്ടറുടെ സൗകര്യാർത്ഥം ശനിയാഴ്ച എത്തിയാൽ മതി എന്നാണ് മെയിൽ.
വീണ്ടും പ്രസന്നൻ ഒരു വക്കീലിനെ സമീപിച്ചു. ആ ഫേം ഒരു ജൂനിയർ വക്കീലിനെ കൂടെ അയച്ചു. കൂടെ നിഷയും മകൾ കുക്കുവും പോയി.
2020 മെയ് 24
അവർ നാലുപേരും പോലീസ് സ്റ്റേഷനിൽ എത്തി. വക്കീലിനെ കൂടെ നിർത്താൻ പറ്റില്ല എന്ന് ആദ്യം പോലീസ് പറഞ്ഞു. അങ്ങനെയെങ്കിൽ ആ നിയമം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ വക്കീലിനെ നിർത്താം എന്ന് സമ്മതിച്ചു. കുറച്ച് പിൻഭാഗത്തായാണ് ചോദ്യം ചെയ്യുന്ന മുറി. അങ്ങോട്ട് ഒരു ഇടനാഴിയിലൂടെ പോകണം.
പക്ഷേ പോലീസ് പ്രസന്നനോട് വാനിൽ കയറാൻ പറഞ്ഞു. ഒരു കുടുസ് ഷെല്ലാണ് വാനിന്റേത്. എതിർത്താൽ ബലം പ്രയോഗിക്കേണ്ടി വരും എന്ന് പോലീസ്. അറസ്റ്റിന് സമാനമായ നടപടിയാണ്. എന്തായാലും വഴങ്ങാൻ പ്രസന്നൻ തീരുമാനിച്ചു.
വാനിൽ കയറ്റുന്നത് കണ്ട് ഭാര്യയും മകളും ഓടി വന്നു. ഭയപ്പെടേണ്ട ചോദ്യം ചെയ്യാൻ കൊണ്ടുപോവുകയാണ് എന്ന് പോലീസ് ഉദ്യോഗസ്ഥരുടെ മറുപടി.
മുൻഭാഗത്ത് കൂടി നടന്നു പോകാനുള്ള ദൂരമേയുള്ളൂ. പക്ഷേ വാനിൽ കയറ്റി കെട്ടിടത്തിന്റെ മതിലിന് വെളിയിൽ ഇറങ്ങി സൈഡിലുള്ള എൻട്രൻസ് വഴി വീണ്ടും അകത്തു കയറി. വാനിൽ നിന്നും ഇറക്കി ചോദ്യം ചെയ്യുന്ന മുറിയിലേക്ക്. പ്രസന്നനും വക്കീലും മേശയുടെ ഒരു വശത്ത്. എതിർവശത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർ. സിസിടിവി റെക്കോർഡിങിൽ ചോദ്യം ചെയ്യൽ.
കേസിന് ആധാരമായ സംഭവം നടക്കുന്നത് 2020 ഏപ്രിൽ നാലാം തീയതി, ബോട്ടിലും വാങ്ങി ബില്ല് കൊടുത്ത് കാറിൽ വന്നു കയറിയപ്പോൾ വില വാങ്ങിയത് കൂടുതലാണോ എന്നൊരു സംശയം. നിഷയുടെ നിർദ്ദേശപ്രകാരം ചോദിക്കാൻ തീരുമാനിച്ചു. കൗണ്ടറിന് മുന്നിൽ എത്തി കുപ്പി കാണിച്ചു. വില കൺഫേം ചെയ്യണം എന്ന് ആവശ്യപ്പെട്ടു. കുപ്പി വാങ്ങി വില ചെക്ക് ചെയ്തു. ബില്ലിലെ വില തന്നെയാണ് വാങ്ങിയിരിക്കുന്നത്. വില പറഞ്ഞശേഷം ആൾ കുപ്പി കൗണ്ടറിൽ വച്ചു. പ്രസന്നൻ കുപ്പിയും എടുത്ത് പോവുകയും ചെയ്തു.
ആ സമയത്ത് സിസിടിവി ദൃശ്യങ്ങൾ എടുത്ത്, പ്രസന്നൻ ബില്ല് അടക്കാതെ കുപ്പിയുമായി പോയി എന്ന് ധാരണയിൽ ഡാൻമർഫി പരാതി നൽകി. അത് കണ്ട മാത്രയിൽ കളവ് നടന്നു എന്ന് പോലീസും തീരുമാനിച്ചു. തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലും അവർ തയ്യാറായിക്കാണില്ല. ഷോപ്പിലുള്ള ഐറ്റംസ് പരിശോധിച്ച് വരുമാനവുമായി ഒത്തുനോൽക്കുക പോലും അവർ ചെയ്തിട്ടില്ല. കേട്ടപാതി കേൾക്കാത്ത പാതി പോലീസും കളവ് നടന്നു എന്ന് ഉറപ്പിച്ചു. അതാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് ആധാരം.
ഏറ്റവും വലിയ രസകരമായ കാര്യം എന്തെന്നാൽ ഈ സിസിടിവി ഫോട്ടോകളിൽ കയ്യിൽ ബില്ല് ഇരിക്കുന്നത് കാണാൻ സാധിക്കും. സൂം ചെയ്താൽ അത്ര വ്യക്തത ഒന്നുമില്ലെങ്കിലും ബില്ല് ആണ് എന്ന് തോന്നാൻ ബുദ്ധിമുട്ടില്ല. ചോദ്യം ചെയ്യൽ ഏകദേശം ഒരു മണിക്കൂർ നീണ്ടു. അതിനിടയിൽ ഫിംഗർ പ്രിൻറ് അടക്കമുള്ള കാര്യങ്ങളൊക്കെ ശേഖരിച്ചു. എന്നിട്ടും അവർ ബില്ല് കാണണം എന്ന് പറഞ്ഞില്ല.
ഇനി തെളിവ് ശേഖരണം നടത്തിയ ശേഷം എഫ്ഐആർ ഇടണോ എന്ന് തീരുമാനിക്കും തൽക്കാലം പോയ്ക്കൊള്ളാൻ അറിയിപ്പ്. ഫേസ്ബുക്കിലും പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായ അപമാന ഭാരത്താൽ ജീവിതം തന്നെ കീഴ്മേൽ മറഞ്ഞു. ഓരോ ദിവസവും അപമാനിക്കപ്പെട്ടതിന്റെ വേദന. ഒരാഴ്ചയ്ക്കുശേഷം വക്കീൽ വഴി പോലീസിന്റെ അഭ്യർത്ഥന. “Please send the copy of the receipt of purchase.”
അയച്ചുകൊടുത്ത ഒരാഴ്ചയ്ക്ക് ശേഷം ഒരു മറുപടി. “Your client Prasannan is exonerated.” ഇനി മേൽ നടപടികൾ ഉണ്ടാവില്ല എന്ന് പോലീസിന്റെ അറിയിപ്പ് വക്കീലിന് ലഭിച്ചു.
പോലീസ് കുറ്റവിമുക്തൻ ആക്കിയെങ്കിലും മനസ്സിൽ വല്ലാത്ത ഭാരം. അറിയുന്നവരുടെയും അറിയാത്തവരുടെയും ഒക്കെ മുന്നിൽ കള്ളനായി മാറി. ജീവിതത്തിൽ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പീഡിപ്പിക്കപ്പെട്ടു. ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ല എന്ന് തന്നെ പരിഹസിച്ചവർ അറിഞ്ഞിട്ടില്ല. 15 വർഷത്തോളം ഓസ്ട്രേലിയയിൽ ഡോക്ടർ ആയി ജോലി ചെയ്തതാണ്. ഒരു രീതിയിലുള്ള മോശം കാര്യത്തിലും പങ്കെടുത്തിട്ടില്ല. നിയമപരമായി പോരാടാൻ തന്നെ തീരുമാനിച്ചു. തന്റെ ലോ ഫേമിനോട് ചോദിച്ചപ്പോൾ കുറ്റവിമുക്തൻ ആക്കിയില്ലേ ഇത്രയും പോരേ എന്ന് മറുചോദ്യം. ഫീസ് കൊടുത്ത് ആ ബന്ധം അവസാനിപ്പിച്ചു.
ഓസ്ട്രേലിയയിലെ വക്കീൽ ഫീസ് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതല്ല. ഒരു ഫോൺ വിളിയും ഒരു ഇമെയിലും പോലും ചാർജ് ചെയ്യപ്പെടും. ഒരു മണിക്കൂർ കൺസൾട്ടേഷന് പോലും പതിനായിര കണക്കിന് രൂപ ആവും. വിജയിക്കുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്. എങ്കിലും പോരാടാൻ തന്നെ തീരുമാനിച്ചു.
വിവരാവകാശ കമ്മീഷൻ വഴി പോലീസ് നടപടിയുടെ മുഴുവൻ രേഖകളും ശേഖരിച്ചു. ഷോപ്പിലെ സിസിടിവിയിൽ നിന്ന് കാറിന്റെ നമ്പർ കിട്ടിയിട്ടും ഉടമസ്ഥൻ ആരെന്ന് തിരിയാതെയാണ് ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടത് എന്നുള്ള തെളിവ് അടക്കം ലഭിച്ചു.
ലോകത്ത് ആകമാനം ഇത്തരത്തിലുള്ള സംഭവങ്ങൾ നിയമ പോരാട്ടത്തിൽ എത്തിയിട്ടുണ്ടോ എന്ന് ഇൻറർനെറ്റ് വഴി തിരഞ്ഞു. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഡിഫമേഷൻ ലോയേഴ്സിന്റെ പ്രൊഫൈലുകൾ ഇരുന്നു പഠിച്ചു.
അങ്ങനെ അവസാനം സ്റ്റുവർട്ട് ഒകോണൽ ഫേമിനെ തിരഞ്ഞെടുത്തു. (Stewart O’Brien Criminal & Civil Solicitors, Sydney) ഡോക്യുമെന്റ്സ് എല്ലാം പരിശോധിച്ച് അവർ കേസ് ഏറ്റെടുത്തു. ഇതൊരു ജെനുവിൻ കേസ് ആയതിനാൽ അപ് ഫ്രണ്ട് ഫീസ് വേണ്ട എന്നും പറഞ്ഞു.
രണ്ടുവർഷത്തോളം നിയമ പോരാട്ടം.
ഇല്ലാത്ത കളവിന്റെ പേരിൽ അപമാനിക്കപ്പെട്ട ഡോക്ടർ പ്രസന്നൻ പൊങ്ങണംപറമ്പിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു എന്ന വാർത്ത പല ഓസ്ട്രേലിയൻ പത്രങ്ങളിലും വന്നു.

2022 ഓഗസ്റ്റ് 3
സ്റ്റുവർട്ടിന്റെ ഫോൺ.
“പോലീസ് ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെൻറിന് തയ്യാറാവുന്നു. വ്യവസ്ഥകൾ അംഗീകരിക്കാവുന്നതാണെങ്കിൽ സെറ്റിൽ ചെയ്യാം.” മുൻപ് പലതവണ നടന്ന സെറ്റിൽമെൻറ് ചർച്ചകൾ പരാജയപ്പെട്ടതാണ്. പല കാരണങ്ങളാൽ. എന്നാൽ ഇത്തവണ അൺകണ്ടീഷനൽ അപ്പോളജിയും അത് എവിടെയും പ്രസിദ്ധീകരിക്കാനുള്ള അവകാശവും ഉൾപ്പെടെയാണ് സെറ്റിൽമെൻറ്. വിലയിരുത്തിയപ്പോൾ നിലവിലെ സ്റ്റേജിൽ ലഭ്യമായ ഏറ്റവും മികച്ച സെറ്റിൽമെൻറ് ആണ് എന്ന് മനസ്സിലായി.
ആ മാപ്പാണ് ഈ രേഖ (ആദ്യ കമന്റ്). നീതിക്കുവേണ്ടി പോരാടിയ ഒരു മനുഷ്യന് മുന്നിൽ ഓസ്ട്രേലിയയിലെ ഒരു സ്റ്റേറ്റ് (വിക്ടോറിയ) പോലീസ് മാപ്പ് ചോദിക്കുന്ന രേഖ.
മനുഷ്യരുടെ അഭിമാനത്തിന് മുകളിൽ കടന്നു കയറാം, തങ്ങൾക്ക് എന്തും ചെയ്യാം എന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഹുങ്കിന് ഏറ്റ തിരിച്ചടിയാണ് ഇത്. ഒരു മലയാളി, അതും പ്രിയ സുഹൃത്ത് ഇങ്ങനെ ഒരു പോരാട്ടത്തിൽ വിജയിച്ചതിൽ അതീവ സന്തോഷവും അഭിമാനവും ഉണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ ഇങ്ങനെ ഒരു പോരാട്ടത്തിനുള്ള സാമ്പത്തിക അവസ്ഥ പോലും ഇല്ല എന്നതാണ് സത്യം. മാത്രമല്ല ഇതുപോലുള്ള പീഡനങ്ങളിലൂടെ കടന്നുപോവുക എന്നതും ഒട്ടും എളുപ്പമല്ല. മൈഗ്രന്റ് പോപ്പുലേഷന്റെ ന്യായമായുള്ള അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള ഒരു ഊർജ്ജമാണ് ഈ വിജയം.

spot_img

Related Articles

Latest news