കണ്ണൂർ: പൂളക്കുറ്റി വെള്ളറയിൽ വീണ്ടും ഉരുൾപൊട്ടി. താഴെവെള്ളറ കോളനിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥലത്ത് രണ്ടു പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. നെടുംപൊയിൽ ചുരത്തിലും വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായി
വെള്ളറയിൽ ഓഗസ്റ്റ് ഒന്നിന് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരണപ്പെട്ടിരുന്നു. വെള്ളറയിലെ രാജേഷ്, താഴെവെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമാ തസ്ലിൻ എന്നിവരാണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് എത്തിയതിനിടെയുണ്ടായ ഉരുൾപൊട്ടലാണ് മൂവരുടെയും ജീവൻ കവർന്നത്.
നിലവിൽ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നില്ലെന്നാണ് വിവരം. വനത്തിനുള്ളിൽ അതിശക്തമായ മഴ പെയ്തതാണ് ഉരുൾപൊട്ടാൻ കാരണമെന്നാണ് കരുതുന്നത്. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. കണിച്ചാർ, കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത്.