കാണാതായ യുവാവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ പാരിതോഷികവുമായി സൗദി കുടുംബം

റിയാദ്: രണ്ട് മാസമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ സഹായിക്കുന്ന രീതിയില്‍ എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാല്‍ പാരിതോഷികം പ്രഖ്യാപിച്ച് റിയാദിലെ സൗദി കുടുംബം. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഫൈസല്‍ അല്‍ ദൊസാരി എന്ന യുവാവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് സഹോദരന്‍ തുര്‍ക്കി അല്‍ ദൊസാരി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയില്‍ തന്റെ സഹോദരനെ കണ്ടെത്താന്‍ സഹായിക്കുന്ന വിശ്വാസ യോഗ്യമായ എന്തെങ്കിലും വിവരം നല്‍കണമെന്ന അപേക്ഷയുമായാണ് യുവാവിന്റെ പാരിതോഷിക വാഗ്ദാനം.‌

തന്റെ സഹോദരന്‍ ആഗസ്ത് രണ്ടിന് അല്‍ ശുമൈസി ഹോസ്പിറ്റലിലേക്ക് പോയതാണെന്നും എന്നാല്‍ പിന്നീട് അദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നും തുര്‍ക്കി അല്‍ ദൊസാരി പറഞ്ഞു. തന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഒരു വിദേശിയെ ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായിരുന്നു സഹോദരന്‍ പോയത്. അദ്ദേഹത്തിന്റെ കാറും സാധനങ്ങളും ആശുപത്രി പരിസരത്ത് കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതിനു ശേഷം സഹോദരനെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫൈസലിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ പോസ്റ്റ് ചെയ്‌തെങ്കിലും ഒരു തുമ്പും കിട്ടിയില്ലെന്നും കുടുംബം അറിയിച്ചു. താന്‍ എങ്ങോട്ടാണ് പോവുന്നതെന്നും എന്താണ് കാര്യമെന്നും കുടുംബത്തെ അറിയിക്കാതെ എവിടെയെങ്കിലും പോകുന്ന സ്വഭാവക്കാരനല്ല ഫൈസല്‍.
ഫൈസലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0555556592, 0555101850 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കുകയോ അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയോ ചെയ്യണമെന്നും കുടുംബം അറിയിച്ചു.

spot_img

Related Articles

Latest news