റിയാദ് : റിയാദിലെ സ്വകാര്യ മെഡിക്കൽ കോംപ്ലക്സിൽ നടത്തിയിരുന്ന ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിയതിന് ഒരു വിദേശ വനിതാ ഡോക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തു. സുരക്ഷാ അധികൃതരുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം (MOH) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെയാണ് ഡോക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് MoH പരിശോധനാ സംഘങ്ങൾ കണ്ടെത്തി. മിനിമം മെഡിക്കൽ, ഹെൽത്ത് നിബന്ധനകൾ പോലും പാലിക്കാതെ ഡോക്ടർ ഗർഭച്ഛിദ്രം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ ക്ലിനിക്കിൽ പരിശോധനക്കെത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ ഗർഭഛിദ്രം നടത്തുന്നതിനായി ഡോക്ടറുമായി ചർച്ച നടത്തിയതിന് ശേഷം 8000 റിയാൽ ഫീസ് ആയി നിശ്ചയിച്ച് ഡോക്ടർ സമ്മതിച്ചതിന്ന് ശേഷമാണ്
MoH ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത് തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കാലഹരണപ്പെട്ട മെഡിക്കൽ ഉപകരണങ്ങളും ഗർഭച്ഛിദ്രത്തിനുള്ള മെഡിക്കൽ ഉപകരണങ്ങളും MoH ടീം പിടിച്ചെടുത്തു. ഹെൽത്ത് കെയർ പ്രൊഫഷനുകൾ പ്രാക്ടീസ് ചെയ്യുന്ന നിയമത്തിലെ ആർട്ടിക്കിൾ 28 ലംഘിച്ചതിന് വനിതാ ഡോക്ടറെയും അവരുടെ സഹായിയെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ഇത്തരം നിയമലംഘനത്തിന്ന് ആറ് മാസത്തിൽ കൂടാത്ത തടവോ 100000 റിയാലിൽ കൂടാത്ത പിഴയോ രണ്ടും കൂടിയതോ ആയ ശിക്ഷയാണ് ലഭിക്കുക.
മെഡിക്കൽ കോംപ്ലക്സ് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പരിശോധിക്കുന്ന സമിതിക്കും പരാതി കൈമാറിയിട്ടുണ്ട്.
ചികിത്സ ആവശ്യകതകളും രോഗികളുടെ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്നും ആരോഗ്യ സേവനങ്ങളുടെ ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഏതൊരു ആരോഗ്യ സ്ഥാപനത്തിനുമെതിരെ നിയമനടപടികൾ സ്വീകരിച്ച് പരമാവധി പിഴ ചുമത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിലുള്ള രഹസ്യമായ ആരോഗ്യ ലംഘനങ്ങൾ 937 എന്ന നമ്പർ വഴി അധികൃതരെ അറിയിക്കാമെന്നും MOH അറിയിച്ചു.