കോഴിക്കോട്: 1400 അമ്മമാര്‍ നല്കിയ സ്നേഹമധുരമൂറും മുലപ്പാല്‍ ജീവനേകിയത് അവര്‍ കാണാത്ത 1813 കുഞ്ഞോമനകള്‍ക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കാണ് മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് അമ്മമധുരമേകുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാല്‍ ബാങ്ക് ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇതുവരെ ശേഖരിച്ചത് 1,26,225 മില്ലീ ലിറ്റര്‍ മുലപ്പാല്‍.
പാസ്ച്ചുറൈസേഷന്‍ചെയ്തു അണുവിമുക്തമാക്കിയ 1,16,315 മില്ലീ ലിറ്റര്‍ പാല് 14,000-ല്‍ കൂടുതല്‍ തവണയാണ് ഇവിടെനിന്ന് നല്‍കിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാല്‍ ലഭ്യമല്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ഇതില്‍ത്തന്നെ െഎ.സി.യു.വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് മുന്‍ഗണന. കുഞ്ഞിന്റെ വളര്‍ച്ചക്കുറവ്, തൂക്കക്കുറവ്, അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, വെന്റിലേറ്ററില്‍ കഴിയുന്ന അവസ്ഥ, മരണം, ആവശ്യത്തിന് പാല് ഉത്പാദനം കുറയല്‍, പ്രസവം കഴിഞ്ഞശേഷം അമ്മയും കുഞ്ഞും വെവ്വേറെ ആശുപത്രികളില്‍ കഴിയേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇവിടെനിന്ന് പാല് നല്‍കുന്നത്.
ഈ ആശുപത്രിയില്‍തന്നെ പ്രസവം കഴിഞ്ഞ അമ്മമാരും ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും ജോലിചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുമാണ് ഈ കേന്ദ്രത്തിന്റെ മികവിന് പിന്നില്‍. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യത്തിലും അമ്മമാര്‍ക്ക് പാല് ദാനം ചെയ്യാം. പൂര്‍ണമായും സൗജന്യമായാണ് ഇത് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
ദിവസവും 700 മില്ലീ ലിറ്റര്‍മുതല്‍ ഒന്നര ലിറ്റര്‍വരെ പാലാണ് ഇവിടെ ശേഖരിക്കുന്നത്. എട്ടുമുതല്‍ 15 വരെ അമ്മമാര്‍ ദിവസവും പാല് നല്‍കാനെത്തുന്നുണ്ട്. പലരില്‍നിന്നായി എടുക്കുന്ന പാല് ഒന്നിച്ചുചേര്‍ത്ത് 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ച്ചുറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരണങ്ങളുള്ള മുറിയും സാമഗ്രികളും ഉണ്ട്. ഫ്രീസറില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാന്‍ കഴിയും. ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുന്ന പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കൂ.
എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് മാത്രമേ പാല് നല്കാന് കഴിയുന്നുള്ളൂ. മെഡിക്കല്‍ കോളേജില്‍നിന്ന് മറ്റ് ആശുപത്രികളിലേക്ക് അണുവിമുക്തമാക്കിയ പാലെത്തിക്കാനും പ്രാദേശികതലത്തില്‍ മുലപ്പാല്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങാനുമാണ് ഇനിയുള്ള ശ്രമമെന്ന് ശിശുരോഗ വിഭാഗം മേധാവി ഡോ. വി.ടി. അജിത്ത് കുമാര്‍ പറഞ്ഞു. ഇതിന് കൂടുതല്‍ അമ്മമാര്‍ പാല് നല്കാന് തയ്യാറായി മുന്നോട്ടുവരേണ്ടതുണ്ട്