അലോട്മെന്റ് കഴിഞ്ഞു; ഇനി തത്സമയ പ്രവേശനം
പ്ലസ്വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമിടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഇത്തവണത്തെ പ്ലസ്വൺ പ്രവേശനവുമായി ബന്ധപ്പെട്ട അലോട്മെന്റ് പൂർത്തിയായി.
ഏകജാലകം വഴി മെറിറ്റിലും കായികമികവ് അടിസ്ഥാനമാക്കിയും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതു സ്കൂളിലേക്കും വിഷയത്തിലേക്കും മാറാനുള്ള അവസരം നൽകും. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. പിന്നീട് മിച്ചമുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടക്കും.
രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് 16,067 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ 15,571 അപേക്ഷകൾ പരിഗണിച്ചപ്പോൾ അലോട്മെന്റ് ലഭിച്ചത് 6495 പേർക്കു മാത്രം. ഇപ്പോഴത്തെ അലോട്മെന്റിന് 22,928 സീറ്റാണുണ്ടായിരുന്നത്. ഇനിയും 16,433 സീറ്റ് ബാക്കിയാണ്.