ന്യൂഡല്‍ഹി: റെയില്‍വേ ട്രാക്കുകളിലേക്കു കടന്നുകയറുന്ന കന്നുകാലിക്കൂട്ടങ്ങള്‍ വൈകിപ്പിക്കുന്നത് ആയിരക്കണക്കിനാളുകളുടെ അത്യാവശ്യയാത്രകള്‍.
കന്നുകാലികള്‍ ട്രാക്കിലേക്ക് അതിക്രമിച്ച് കയറിയതിനെത്തുടര്‍ന്ന് ഈ മാസം ആദ്യത്തെ ഒന്പതുദിവസം മാത്രം 200 ഓളം ട്രെയിനുകളാണ് വൈകിയതെന്ന് റെയില്‍വേ മന്ത്രാലയം. ഈവര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ നാലായിരത്തോളം സര്‍വീസുകള്‍ കന്നുകാലികള്‍ വൈകിപ്പിച്ചു.
കഴിഞ്ഞ ഒന്നിന് സര്‍വീസ് തുടങ്ങിയ മുംബൈ-അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസ് മൂന്നുതവണയാണ് കന്നുകാലികളുമായി കൂട്ടിയിടിച്ചത്. ട്രെയിനിന്റെ ശൂന്യമായ മുന്‍ഭാഗത്തിനു കേടുപാടു പറ്റുകയും ചെയ്തുവെന്നു മാത്രമല്ല യാത്ര വൈകാനും ഇതു കാരണമായി. ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കുന്നയിടങ്ങളില് വേലി കെട്ടിത്തിരിക്കുന്നുവെങ്കിലും അതുകൊണ്ടു പ്രശ്നം പരിഹരിക്കാനാകുന്നില്ല. ഒരു വശത്ത് വീടുകളും മറുവശത്ത് കൃഷിയിടങ്ങളും ഉള്ള പ്രദേശങ്ങളില്‍ വേലി കെട്ടിത്തിരിക്കുന്നത് പ്രായോഗികമല്ല. ഓരോ തവണയും അപകടത്തില്‍പ്പെടുന്പോള്‍ അനുബന്ധമായി ഒട്ടേറെ ചെലവുകള്‍ വരുന്നതായും റെയില്‍വേ വൃത്തങ്ങള്‍ വിശദീകരിച്ചു.