പറളി: ബ്ലേഡ് പലിശക്കാരുടെ ഭീഷണിമൂലം കിണാവല്ലൂരില് കെട്ടിടനിര്‍മാണത്തൊഴിലാളി വീട്ടില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് മങ്കര പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാവിലെ മരിച്ച പ്രവീണിന്റെ വീട്ടില്‍ പൊലീസെത്തി പിതാവിന്റെയും ഭാര്യയുടെയും മൊഴിയെടുത്തു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയാണ് കിണാവല്ലൂര്‍ അനശ്വരനഗര് കാരക്കാട്ട് പറമ്ബ് പ്രവീണ്‍ (29) വീട്ടില്‍ തൂങ്ങിമരിച്ചത്. പ്രവീണിനെയും വീട്ടുകാരെയും വെള്ളിയാഴ്ച പ്രദേശത്തെ വട്ടിപ്പലിശക്കാരന് ഭീഷണിപ്പെടുത്തിയതായും ശനിയാഴ്ച രാവിലെ 10,000 രൂപ വീട്ടില്‍ കൊണ്ടുവന്ന് നല്‍കിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഇയാള്‍ പറഞ്ഞതായും പ്രവീണിന്റെ ഭാര്യ രാഖി പറഞ്ഞു. മങ്കര സി.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റു ബന്ധുക്കളുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും അതിനുശേഷമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.