റിയാദിലെ വിമാനയാത്രാ പ്രതിസന്ധി; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും ദുരിതം — അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം.

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിൽ യാത്രാ, കാർഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടത് പ്രവാസി സമൂഹത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇന്ത്യൻ എംബസിയും അടിയന്തരമായി ഇടപെടണമെന്നും തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.

സുരക്ഷാ സാഹചര്യം മുൻനിർത്തി ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തതോടെ നാട്ടിലേക്ക് പോകേണ്ടവരും അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങേണ്ടവരുമായ നൂറുകണക്കിന് പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. ലഭ്യമായ മറ്റു വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതും യാത്രക്കാരെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്.

എന്നാൽ സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടുകളേക്കാൾ അടിയന്തര പരിഗണന അർഹിക്കുന്ന വിഷയമാണ് റിയാദിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധിയെന്ന് ഫോറം ചൂണ്ടിക്കാട്ടി. റിയാദിൽ നിന്ന് ആവശ്യമായ കാർഗോ വിമാന സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം മോർച്ചറികളിൽ സൂക്ഷിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്.

നിലവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ദമ്മാം അല്ലെങ്കിൽ ജിദ്ദ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ദമ്മാം വഴി സൗകര്യം ലഭിക്കാത്ത പക്ഷം റിയാദിൽ നിന്ന് ജിദ്ദയിലേക്ക് റോഡ് മാർഗം പത്ത് മണിക്കൂറിലധികം യാത്ര ചെയ്ത് മൃതദേഹം എത്തിക്കേണ്ടിവരുന്നത് കുടുംബങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും വലിയ പ്രയാസമാണ്. ലഭ്യമായ വിമാനങ്ങളിലെ കാർഗോ സൗകര്യം പരിമിതമായതിനാൽ ഒരേസമയം കൂടുതൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും കഴിയാത്ത സാഹചര്യമുണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി.

യാത്രക്കാരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. റിയാദിൽ നിന്ന് നേരിട്ടുള്ള യാത്രാ സൗകര്യങ്ങൾ പരിമിതമായതോടെ ദമ്മാം, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളെയോ ബഹ്റൈൻ, ഖത്തർ, യു.എ.ഇ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു. കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും രോഗികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ്. വിസ കാലാവധി അവസാനിക്കാനിരിക്കുന്നവരും അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടവരും കടുത്ത ആശങ്കയിലാണ്.

ഈ അടിയന്തര സാഹചര്യം പരിഗണിച്ച് സൗദിയയുടെ തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ ‘പോയിന്റ് ഓഫ് കോൾ’ അനുമതി ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിയിൽ ദമ്മാം ഉൾപ്പെടെയുള്ള സൗദി വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സൗദിയ സർവീസ് ലഭ്യമാക്കുന്നതും തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് ഫോറം അഭിപ്രായപ്പെട്ടു.

പ്രത്യേകിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന വിഷയത്തിന് മാനുഷിക പരിഗണന നൽകി അടിയന്തര ബദൽ കാർഗോ സംവിധാനം ഒരുക്കണം. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കേരള സർക്കാർ, റിയാദിലെ ഇന്ത്യൻ എംബസി എന്നിവ സൗദി അധികൃതരുമായും വിമാനക്കമ്പനികളുമായും അടിയന്തര ചർച്ച നടത്തണമെന്നും ഫോറം ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യം ഒരു സാധാരണ വിമാനയാത്രാ പ്രശ്നമായി മാത്രം കാണരുതെന്നും പ്രവാസികളുടെ തൊഴിൽ, വിസ, കുടുംബയാത്ര, അടിയന്തര ചികിത്സ, ഉംറ തീർഥാടകരുടെ മടക്കയാത്ര, മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സമയബന്ധിതമായി നാട്ടിലെത്തിക്കൽ തുടങ്ങിയ നിരവധി മാനുഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണിതെന്നും ഫോറം വ്യക്തമാക്കി.

തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

spot_img

Related Articles

Latest news