കോട്ടയം . മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കാനിരിക്കെ ഹോട്ടലുകളില്‍ ആഹാരസാധനങ്ങള്‍ക്ക് തീവിലയായി. വാണിജ്യ സിലിണ്ടറിന് 240 രൂപ ഇന്‍സെന്റീവ് എടുത്തുകളഞ്ഞതോടെ 19 കിലോ തൂക്കം വരുന്ന സിലിണ്ടറിന്റെ വില 1508 രൂപയില്‍ നിന്ന് 1748 രൂപയായി ഉയര്‍ന്നു.
പച്ചക്കറി അടക്കം നിത്യോപയോഗസാധനങ്ങളുടെ വന്‍വില വര്‍ദ്ധനവും ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ആഹാരസാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചത്. സാധാ വെജിറ്റേറിയന്‍ ഊണിന് 60 – 70 രൂപയാണ്. പായസമോ, തൈരോ സ്പെഷ്യലായി വാങ്ങിയാല്‍ 100 രൂപയാകും. ജീവനക്കാരുടെ കുറവ് കാരണം മിക്ക ഹോട്ടലുകളിലും ഉച്ചയൂണില്ല. പകരം നെയ്‌റോസ്റ്റ്, മസാലദോശ, ചപ്പാത്തി തുടങ്ങിയവയാണ് ഉച്ചയ്ക്കും വില്‍ക്കുന്നത്. ഹോട്ടലുകളുടെ നിലവാരമനുസരിച്ചാണ് വില. താരതമ്യേന വില കുറവായിരുന്ന ഇന്ത്യന്‍ കോഫി ഹൗസിലും വില വര്‍ദ്ധിപ്പിച്ചു.
നോണ്‍ വെജ് ഊണെങ്കില്‍ ഒരു കഷ്ണം മീനുള്ള കറിയ്ക്ക് 100 രൂപ അധികം നല്‍കണം. മത്തി, അയല വില ഒരു കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നെങ്കിലും രണ്ടോ മൂന്നോ മത്തിയോ ഒരു അയലയോ വറുത്തതിന് മിനിമം 50 രൂപ നല്‍കണം. ഇടത്തരം ഹോട്ടലെങ്കില്‍ ഇത് 100 വരെ ആകും.