പ്രസവാനന്തര വിഷാദം;കൂടുതൽ അറിയാം

കൈക്കുഞ്ഞിനെ കിണറ്റിലും പുഴയിലും നിലത്തേക്കുമെല്ലാം എറിയുന്ന അമ്മമാരുടെ വാര്‍ത്തകള്‍ ഈയിടെയായി കുറച്ചധികം കേള്‍ക്കുന്നുണ്ട്.

അത്തരം വാര്‍ത്തകളില്‍ ഒട്ടുമിക്കതിലും കാണാവുന്ന ഒരു വാചകമാണ് അമ്മക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നു എന്നത്.

ഗര്‍ഭം, പ്രസവം, മാതൃത്വം തുടങ്ങിയവയൊക്കെ ആഘോഷമാക്കുന്ന സമൂഹം മറന്നുപോകുന്ന കുറേ ചെറിയ വലിയ കാര്യങ്ങളാണ് പേറ്റുകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന പെണ്ണുങ്ങളില്‍ കുറേ പേരുടെയെങ്കിലും സമനിലയുടെ കണക്കുകള്‍ തെറ്റിക്കുന്നത്. പ്രസവാനന്തര വിഷാദരോഗം (Postpartum Depression)കൂടുന്നത്.

വിദ്യാഭ്യാസം,ജോലി, സാമ്ബത്തിക സ്വയംപര്യാപ്തത ഇത്യാദികളൊക്കെ തിരിച്ചറിവിന്റെ പുതിയ സാധ്യതകള്‍ സമ്മാനിച്ചതോടെ വിവാഹം എന്നത് ഇന്ന പ്രായത്തില്‍ തന്നെ നടക്കണമെന്ന പരമ്ബരാഗത സങ്കല്‍പങ്ങള്‍ മാറ്റിയിട്ടുണ്ട്. വിവാഹിതരാകുന്ന പ്രായം കൂടിയതോടെ അതിനനുസരിച്ച്‌ ഗര്‍ഭം ധരിക്കുന്ന പ്രായവും കൂടി.

ഭക്ഷണരീതിയിലും ജീവിതരീതിയിലും എല്ലാം വന്ന മാറ്റങ്ങളും ജീവിതത്തിലെ സമ്മര്‍ദങ്ങളും ശരീരശാസ്ത്രപരമായി കുറേ അസുഖങ്ങളും കൂടെ കൊണ്ടുവന്നു. മറുവശത്ത് അത്ര സൗഭാഗ്യകരമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഇപ്പോഴും അന്യമായി തുടരുന്ന തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും. ഇതിന്റെയിടയിലാണ് ഗര്‍ഭവും പ്രസവവും. ഗര്‍ഭകാലത്തെ ശാരീരികപ്രശ്നങ്ങള്‍, അസ്വസ്ഥതകള്‍, ജോലിസ്ഥലത്തെ പ്രയാസങ്ങള്‍.

ജോലിയില്ലാത്തവര്‍ക്ക് വയ്യായ്കകള്‍ക്കിടയിലും ചെയ്യേണ്ട വീട്ടുത്തരവാദിത്തങ്ങള്‍. രണ്ടുവിഭാഗങ്ങളും ഉള്ളില്‍ നേരിടുന്ന സംശയങ്ങളും ആശങ്കകളും. കുഞ്ഞ് പിറക്കുന്നതോടെ ആകെ തകിടം മറിയുന്ന ജീവിതക്രമം. ഇഷ്ടമുള്ളപ്പോള്‍ ഉറങ്ങാന്‍ കഴിയില്ല. വായിക്കാന്‍ കഴിയില്ല. സിനിമ കാണാന്‍ പറ്റില്ല. ഒരു കട്ടില്‍ അതുവരെ കണ്ട ലോകത്തെ ആകെ ആവാഹിച്ച മട്ടിലാകും. പിന്നെ വരുന്നവരും പോകുന്നവരും എല്ലാം തരുന്ന ഉപദേശങ്ങളുടെ ബോറടി വേറെ. പാലു കുടിച്ചില്ലേ, കിട്ടിയില്ലേ, പാലില്ലേ, കുഞ്ഞുടുപ്പ് മാറ്റിയില്ലേ, പ്രസവം കഴിഞ്ഞിട്ടും എന്തേ നന്നായില്ല, ശുശ്രൂഷ നന്നായില്ലേ തുടങ്ങി സംശയങ്ങളുടെ ചോദ്യമുനകള്‍ സ്വൈര്യം കെടുത്തും. സ്വന്തം ദിനരാത്രങ്ങള്‍ സ്വന്തമല്ലാതായി തീരുന്ന അവസ്ഥ. ആര്‍ക്കായും മുഷിയും. അത് അമ്മിഞ്ഞപ്പാലിന്റേയും കണ്ണുചിമ്മിയുള്ള കുഞ്ഞിച്ചിരിയുടേയും മാധുര്യത്തില്‍ അലിഞ്ഞുപോകുന്നതല്ല.

ചില ഭാഗ്യവതികള്‍ക്ക് ആ നെടുവീര്‍പ്പ് പെട്ടെന്ന് മായും. മറ്റ് ചിലര്‍ക്ക് അത് സ്വയംവന്നുമൂടുന്ന നിരാശക്കമ്ബളമാകും.
അവിടെ ആ മേലാപ്പ് ഒന്നുമാറ്റി ചേര്‍ത്തുപിടിക്കാന്‍ ആരും ഒന്നും എത്താതിരിക്കുമ്ബോള്‍ കാര്യം കുറച്ചുകൂടി ഗൗരവതരമാകും. അവള്‍ക്കിതെന്താ എന്ന ചോദ്യവുമായുള്ള തിരിഞ്ഞുനടപ്പില്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ഇതാണ് ഇപ്പോള്‍ കുറേ സംഭവങ്ങളിലായി നടക്കുന്നത്.

പ്രസവാനന്തര വിഷാദരോഗം ഗൗരവത്തോടെ നോക്കേണ്ട അവസ്ഥയാണെന്ന് നമ്മുടെ സമൂഹത്തിന് ബോധ്യപ്പെടേണ്ടിയിരിക്കുന്നു. അത് ഒരു സ്ത്രീയുടെ മാത്രം പ്രശ്നമല്ലെന്നും. ശാരീരികവും വൈകാരികവും പെരുമാറ്റപരവുമായ മാറ്റങ്ങളുടെ സങ്കീര്‍ണചേരുവയാണ് പ്രസവാനന്തരം ചിലരെ ബാധിക്കുന്ന വിഷാദരോഗം.

ഗര്‍ഭകാലത്തും പ്രസവസമയത്തും ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഒരു ഘടകമാണ്. ഒപ്പം മനശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളും. കൗണ്‍സിലിങ്ങ് കൊണ്ടും മരുന്നു കൊണ്ടും മാറ്റാവുന്നതാണ് ഈ രോഗം. ഉറക്കത്തിലും ഭക്ഷണക്രമത്തിലും വരുന്ന മാറ്റങ്ങള്‍, കടുത്ത ക്ഷീണം, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയൊക്കെയാണ് പ്രാഥമിക ലക്ഷണങ്ങള്‍.

കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലാതാവുക, അടുപ്പക്കുറവ് കാണിക്കുക, ഇടക്കിടെ വെറുതെ കരച്ചില്‍ വരിക , ദേഷ്യം വരിക, ഒന്നിലും സന്തോഷമില്ലാതാവുക, തീരുമാനമെടുക്കാന്‍ പറ്റാതിരിക്കുക. ശ്രദ്ധയില്ലാതാവുക ഇത്യാദി കടുത്ത വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പിന്നെ കടന്നുവരും. ആദ്യ സൂചനകളില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവില്ല.

ജീവിതത്തിന്റെ മൊത്തം ചക്രം കൈവിട്ടുപോവുന്ന വേഗമാണ് പ്രസവാനന്തരം ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങള്‍ക്കെന്ന് മനസ്സിലാക്കിയാല്‍ മതി. അമ്മ മാത്രമല്ല, ഒപ്പമുള്ളവരും. നിരാശ താളം തെറ്റിക്കില്ല. മാതൃത്വം ഉദാത്തമാകുന്നത് അത് ഒരുവളുടെ സ്വന്തം തെരഞ്ഞെടുപ്പ് ആകുന്പോഴാണ്. ആ ജീവന്റെ തുടിപ്പിന് അവള്‍ക്കൊപ്പം തന്നെ ഉത്തരവാദിത്തമുള്ള പുരുഷന്‍ ഒപ്പം നടക്കുന്പോഴാണ് ഗര്‍ഭകാലവും ശൈശവകാലവും അവള്‍ക്ക് ബാധ്യതകളുടെ മടുപ്പിന്റേതല്ലാവുക. മാതൃത്വത്തിന്റെ ഗാംഭീര്യത്തെ ചൊല്ലിയുള്ള കഥാപ്രസംഗങ്ങളും ഉപദേശപ്പെരുമഴയുമല്ല ഒരു സ്ത്രീക്ക് വേണ്ടത്. മനസ്സിലാക്കലാണ്. അവള്‍ കടന്നുപോകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള മനസ്സിലാക്കല്‍. ഉദരത്തിലെ പിറവി ഒരു കുഞ്ഞിന്റേതു മാത്രമല്ല, ഒരു അമ്മയുടേതു കൂടിയാണ്. പുതിയൊരു ലോകത്തിന്റെ വെളിച്ചത്തിലേക്കും ശബ്ദഘോഷങ്ങളിലേക്കും പിറന്നുവീഴുന്ന കുഞ്ഞിനൊപ്പം പുതിയ അനുഭവങ്ങളുടേയും അറിവുകളുടേയും സ്വയം ക്രമപ്പെടുത്തലിന്റേയും ലോകത്തേക്ക് ഒരമ്മയും പിറന്നുവീഴുന്നു.

spot_img

Related Articles

Latest news