അതിജീവനത്തിന്‍റെ എഴുത്തുകാരി :ഷെമി

ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിടുമ്ബോഴും തളര്‍ന്നു വീഴുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, ബാല്യത്തിലെ ഒറ്റപ്പെടലില്‍ നിന്നും പട്ടിണിയില്‍ നിന്നുമൊക്കെ ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ജീവിതത്തിലെ പല ലക്ഷ്യങ്ങളും ഒന്നൊന്നായി എത്തിപ്പിടിക്കുകയാണ് ഷെമി എന്ന എഴുത്തുകാരി.

തളരാതെ ജീവിതത്തെ ജീവിച്ച്‌ തോല്‍പ്പിച്ച കഥയാണ് ഷെമിക്ക് പറയാനുള്ളത്. നടവഴിയിലെ നേരുകള്‍, മലപ്പുറത്തിന്‍റെ മരുമകള്‍, കബന്ധ നൃത്തം തുടങ്ങി മൂന്നു പുസ്തകങ്ങളാണ് ഇതുവരെ വായനക്കാരിലേക്കെത്തിയിട്ടുള്ളത്. ‘തീസിസ്’ എന്ന നാലാമത്തെ പുസ്തകം ഷാര്‍ജ പുസ്തകോത്സവത്തിലൂടെ വായനക്കാരിലെത്തിക്കഴിഞ്ഞു. പുസ്തകങ്ങളെല്ലാം വായനക്കാരുടെ മനസ്സിലേക്കാഴ്ന്നിറങ്ങിയവയായിരുന്നു.

ദാരിദ്ര്യവും പട്ടിണിയുമൊക്കെ നമ്മളില്‍ പലര്‍ക്കും കേട്ടറിവുമാത്രമുള്ളൊരു വികാരമായിരിക്കാം. എന്നാല്‍, എല്ലാം തരണം ചെയ്ത് ജീവിതത്തോടു പൊരുതിയ കഥയാണ് ഷെമിക്ക് പറയാനുള്ളത്. മാതാപിതാക്കളെ നഷ്ടമായ കുട്ടിക്കാലവും ചാക്ക് വിരിച്ച്‌ തറയില്‍ കിടക്കുമ്ബോഴും തന്‍റെ പുസ്തകങ്ങള്‍ പത്രക്കടലാസുപയോഗിച്ച്‌ ഭദ്രമായി സൂക്ഷിച്ചതുമെല്ലാം ഷെമി ഓര്‍ത്തെടുക്കുന്നു. പട്ടിണിയോട് പൊരുതാനും, പഠിക്കുക എന്ന സ്വപ്നം പൂവണിയാനും കഷ്ടപ്പെട്ടതത്രയും വെറുതെയായിരുന്നില്ല. പ്രതീക്ഷകള്‍ കൈവിടാതെ ഷെമി പഠിച്ച്‌ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചു.

രണ്ടാമത്തെ മകള്‍ക്ക് ജന്മം നല്‍കിയതോടെ കോമയിലേക്ക് വീണ ഷെമിക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ വേണ്ടിയെന്നോണമാണ് ഷെമി എഴുതി തുടങ്ങിയത്. ഓര്‍ക്കുന്നതെല്ലാം ഷെമി എഴുതിയെടുത്തു. അങ്ങനെ നടവഴിയിലെ നേരുകളും ജനിച്ചു. യു.എ.ഇയിലെ പ്രമുഖ ആര്‍.ജെയായ ഫസലുവിന്‍റെ ഭാര്യയാണ് ഷെമി. മക്കളായ ഇഷക്കും ഇവക്കുമൊപ്പം ദുബൈയിലാണ് താമസം.

നടന്നു പോയ വഴികളിലത്രയുമുള്ള നേരുകള്‍ ഓര്‍ത്തെടുത്തെഴുതിയൊരു പുസ്തകം. നടവഴിയിലെ നേരുകളെന്ന പുസ്തകം ഷെമിയുടെ സെമി-ആത്മകഥ തന്നെയാണ്. പ്രസിദ്ധീകരിച്ച്‌ ഒരാഴ്ച്ച കൊണ്ട് വിറ്റ് തീര്‍ന്ന ഈ പുസ്തകം പലരുടെയും ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പലരുടെയും കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ഇത്രയേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്ന് പോകുന്നൊരു പെണ്‍കുട്ടിയായി വായനക്കാര്‍ സഞ്ചരിക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടിവന്ന ഭീകരമായ അനുഭവങ്ങളും ജീവിതത്തോട് പൊരുതിയ കഥയുമൊക്കെ വായനക്കാരന് അതേ വേവ്ലങ്തില്‍ കിട്ടുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രത്യേകത.

ആറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകം, ഒന്നുമില്ലായ്മയില്‍ നിന്ന് ജീവിതത്തിന്‍റെ വെല്ലുവിളികളോട് പൊരുതിയ പെണ്‍കുട്ടിയുടെ കഥ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. പുസ്തകം വിറ്റ്‌ കിട്ടിയ പണം മുഴുവന്‍ അനാഥര്‍ക്ക്‌ വേണ്ടിയാണ്‌ ഷെമി ചെലവഴിച്ചത്. അനാഥാലയങ്ങളുടെ മറപിടിച്ച്‌ നടക്കുന്ന അറബികല്യാണത്തിന്‍റെ മറുപുറവുമൊക്കെ ഈ പുസ്തകത്തിലൂടെ കാണാനാവും.

ഏറെ സ്നേഹിച്ച മാതാവിന്‍റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന മകന്‍റെ കഥ പറയുന്ന ‘മലപ്പുറത്തിന്‍റെ മരുമകളെ’ന്ന ഷെമിയുടെ നോവലും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബന്ധങ്ങള്‍ക്ക് പോലും വിലയിടുന്ന ഈ കാലത്ത് ഇക്കഥ ഏറെ പ്രസക്തവുമാണ്. മലപ്പുറത്തിന്‍റെ തനതായ ശൈലിയാണ് ഷെമി നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്തെ മരുമകളായത് കൊണ്ട് തന്നെയാവണം ഈ നോവലും ഷെമിയുടെ ആത്മകഥാപരമായതാണോ എന്ന് വായനക്കാര്‍ സംശയിച്ചത്.

നമുക്ക് ചുറ്റിലുമുള്ള പല സ്ത്രീ ജീവിതങ്ങളുടെയും ആഴങ്ങള്‍ തൊട്ടറിഞ്ഞ കഥയും നഷ്ടപരിഹാരം, പിതൃമോചനം, ഭിക്ഷക്കാരി, കുടിശ്ശിക, ബ്ലാക്ക് ട്രൂത്ത്, ചതിയന്‍, എഴുത്തുകാരന്‍, സ്വാതന്ത്ര്യം, ഓട്ടിസം, പ്രണയം, ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നിങ്ങനെ 15 കഥകളടങ്ങുന്ന ഷെമിയുടെ ആദ്യ കഥാസമാഹാരമായിരുന്നു കബന്ധ നൃത്തം.

മനുഷ്യന്‍ മനുഷ്യനെ തന്നെ കൊന്ന് തിന്നുന്ന ഈ കാലത്ത് സ്ത്രീത്വത്തിന് പുല്ല് വില കല്‍പ്പിക്കാത്ത കാലത്ത്, സമൂഹത്തിലേക്ക് ആഴത്തില്‍ ചെന്നിറങ്ങുന്ന എഴുത്തുകളാണ് ഷെമി എന്ന എഴുത്തുകാരിയെ വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.എത്രപെട്ടന്നാണ് പലര്‍ക്കും ജീവിതം മടുത്ത് തുടങ്ങുന്നത്. അവരൊക്കെ ഇത്ര മനോഹരമായി ജീവിതത്തെ ജീവിച്ച്‌ തോല്‍പ്പിച്ചിരുന്നെങ്കില്‍, ഏതിരുട്ടിലും പ്രത്യാശയുടെ ദീപം കൊളുത്തി പ്രതീക്ഷ കൈവിടാതെ ജീവിച്ചിരുന്നെങ്കില്‍.

spot_img

Related Articles

Latest news