തിരുവനന്തപുരം:കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ചാന്‍സലറായുള്ള കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍ നിയമന നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ശ്രമം ആരംഭിച്ചു.
ആദ്യം തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും തുടര്‍ന്ന് മറ്റു സര്‍വകലാശാലകളിലും നടപടി സ്വീകരിക്കാനാണ് നീക്കം. സാങ്കേതിക സര്‍വകലാശാലയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മറ്റെല്ലാ സര്‍വകലാശാലകളിലെയും വിസിമാര്‍ക്ക് പുറത്തുപോകാന്‍ ചാന്‍സലറായ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. നടപടികളില്‍ ചട്ടം പാലിച്ചില്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ഗവര്‍ണര്‍ക്ക് നേട്ടമായെന്ന തരത്തില്‍ വിവിധ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു. ഇതിന്റെകൂടി ബലത്തിലാണ് നീക്കം. ന്യൂഡല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലും നിയമന നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും മൂന്നു മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവന് മുന്നില്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ പ്രതിഷേധം ജനാധിപത്യപരമായ അവകാശം വിനിയോഗിക്കലാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞു . ഭരണഘടനാചുമതല നിര്‍വഹിക്കുകയാണെന്നും സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കേണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഡല്ഹിയില് മാധ്യമങ്ങള്ക്ക് മുന്നില് ഗവര്ണര് ഉന്നയിച്ചു.
കേരളത്തിലെ സര്‍വകലാശാലകളിലേത് ചട്ടവിരുദ്ധമായ നിയമനങ്ങളാണെന്ന് ആരോപിച്ച ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് മാറ്റുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. ഓര്‍ഡിനന്‍സ് മുന്നില്‍ എത്തിയിട്ടില്ലെന്നും പരിശോധിക്കാതെ ഒന്നുംപറയാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരോടും വ്യക്തിപരമായ വൈരാഗ്യമില്ല. സര്‍വകലാശാലകളെ നയിക്കേണ്ടത് ചാന്‍സലറുടെ ജോലിയാണെന്നും വിസി നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.