റിയാദ്: സൗദിയിലെ കിഴക്കൻ പ്രവശ്യയിലെ അൽ അഹ്‌സയുടെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജബലുൽ ഖാറ പ്രദേശം സന്ദർശകർക്ക് നവ്യാനുഭവമായി മാറുകയാണ്.
പ്രകൃതിയുടെ ഈ കരകൗശലാതിശയം ഈയിടെയായി സർക്കാർ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചിട്ടുണ്ട്. യുനെസ്‌കോയിൽ ഇടം നേടിയ സൗദിയിലെ രണ്ട് പ്രദേശങ്ങളിലൊന്നാണ് ജബൽ ഖാറ, മദാഇൻ സ്വാലിഹ്.
ഖാറ മലകളുടെ പല ഭാഗവും ലംബമായി പിളർന്നിരിക്കുകയാണ്. ഇതിൻ്റെ ഉൾഭാഗത്ത് നിരവധി വഴികളും ചില സ്ഥലങ്ങളിൽ വിള്ളലുകളും കാണാം. ഉഷ്ണ കാലത്ത് നേരിയ ശൈത്യവും ശൈത്യ കാലത്ത് നേരിയ ഉഷ്ണവും അനുഭവപ്പെടുന്നത്.
ഗുഹയുടെ ഉള്ളിൽ കൈ വഴികൾ പോലെ വളരെയധികം വഴികൾ രൂപപ്പെട്ടതായി നമുക്ക് കാണാം, അതിനാൽ തന്നെ ഗുഹയുടെ ഉള്ളിൽ മുഴുവനായും പോയികാണുക എന്നത് അസാധ്യമാണ്. പോകുന്ന വഴിയിൽ തന്നെ ചിലയിടങ്ങളിൽ എവിടെയെങ്കിലും അള്ളിപിടിച്ച് കയറിപോകുകയും ചിലപ്പോൾ ഊഴ്ന്നിറങ്ങി പോകേണ്ടിയും വരും, ഇതിൻ്റെ അകഭാഗത്ത് പ്രകാശം ഇല്ലാത്ത അവവസ്ഥയാണ് നമുക്ക് കാണാൻ കഴിയുക. എന്നാൽ ചിലയിടങ്ങളിൽ മുകളിൽ നിന്ന് ഭൂമി പിളർന്ന് ചെറിയ ദ്വാരത്തിലൂടെ മാത്രം സൂര്യപ്രകാശം ഗുഹയിലേക്കെത്തുന്നു എന്നത് മറ്റൊരു അനുഭൂതിയാണ്. ഗുഹയുടെ തുടക്കഭാഗങ്ങളിൽ വഴിവിളക്കുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.ഈ മലയുടെ ഓരോ ഭാഗവും പ്രകൃതിയുടെ വികൃതിയാണ് നമുക്ക് തോന്നുക.
ഈ ഗുഹ കാണാൻ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തി കൊണ്ടിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സന്ദർശകർക്ക് ഇവിടേക്ക് ഫ്രീയായിട്ടാണ് പ്രവേശനം അനുവധിച്ചെങ്കിൽ ഇന്ന് ഒരാൾക്ക് 50 സൗദി റിയാൽ പാസ് എടുത്തു കൊണ്ടാണ് അകത്ത് പ്രവേശിക്കാൻ സാധിക്കുക.