കാല്‍പന്ത് മാമാങ്കത്തിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ ലോകത്തിന്റെ മുഴുവന്‍ കണ്ണും ഖത്തറിലാണ്.
അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 32 ടീമുകള്‍ ലോകകപ്പ് ട്രോഫിക്കായി മത്സരിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഒരു രാജ്യം ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്.
ഖത്തറിലുടനീളം എട്ട് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങള്‍ അരങ്ങേറും. അല്‍ ഖോറിലെ അല്‍ ബൈത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതോടെ ഫുട്‍ബോള്‍ ആവേശത്തിന് തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 9:30 നാണ് മത്സരം ആരംഭിക്കുന്നത്. ഫുട്‍ബോള്‍ പ്രേമികള്‍ക്ക് എല്ലാ മത്സരങ്ങളും കാണാന്‍ മികച്ച സൗകര്യമുണ്ട്.
തത്സമയ സംപ്രേക്ഷണം ഇന്ത്യയില്‍ എങ്ങനെ കാണാം?
എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളും ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച്‌ഡി ടിവി ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമാ (JioCinema) ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ അഞ്ച് ഭാഷകളില്‍ മത്സരങ്ങള്‍, ഹൈലൈറ്റുകള്‍, മറ്റ് ഫിഫ ലോകകപ്പ് വിശേഷങ്ങള്‍ എന്നിവയുടെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമ വാഗ്ദാനം ചെയ്തിട്ടുണ്ട്.
തത്സമയ സ്ട്രീമിംഗ് കാണാന്‍ ജിയോ സിം തന്നെ വേണമെന്നില്ല. മറ്റ് ടെലികോം ദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ബിഎസ്‌എന്‍എല്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കും ജിയോ സിനിമാ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സൗജന്യമായി കാണാനും കഴിയും. എന്നിരുന്നാലും, ഉപയോക്താക്കള്‍ ആദ്യം മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പിലും വെബ്‌സൈറ്റിലും സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്.