ഇന്ത്യന്‍ നാവികര്‍ തടവില്‍ തുടരുന്നു…

കൊച്ചി: നൈജീരിയയില്‍ തടവിലായ ഇന്ത്യന്‍ നാവികരുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു. നാവികര്‍ ബോണി തുറമുഖത്ത് കപ്പലില്‍ത്തന്നെ തടവില്‍ തുടരുന്നതിന് പിന്നില്‍ നൈജീരിയയിലെ രാഷ്ട്രീയ സ്ഥിതിഗതികളും കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചുവെച്ചിരിക്കുകയാണ്. വല്ലപ്പോഴും ഫോണ്‍ ലഭിച്ചാല്‍തന്നെ അല്‍പനേരം വീട്ടില്‍ വിളിച്ച്‌ അവരുടെ സാന്നിധ്യത്തില്‍ വീട്ടുകാരോട് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ അനുവദിക്കുമെന്ന് തടവിലുള്ള കൊച്ചി സ്വദേശി മില്‍ട്ടന്‍റെ ബന്ധുക്കള്‍ പറഞ്ഞു. ‘ഹീറോയിക് ഇഡുന്‍’ എന്ന കപ്പല്‍ നൈജീരിയന്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.

മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് കപ്പലില്‍. കൂടാതെ ശ്രീലങ്ക, ഹോളണ്ട്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 10 പേരെക്കൂടി കപ്പലില്‍ എത്തിച്ചു. അതേസമയം, ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളിലാണ് നൈജീരിയ ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് കപ്പലില്‍ത്തന്നെ തടവിലാക്കിയത്. നൈജീരിയയിലെ അക്‌പോ ഓയില്‍ ഫീല്‍ഡില്‍നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചെന്നാണ് ആരോപണം. നിയമലംഘനവും ഇവര്‍ക്കെതിരെ ആരോപിച്ചിട്ടുണ്ട്.

പിടികൂടുന്നതിനുമുമ്ബ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും ദുരൂഹത നിലനില്‍ക്കുന്നു. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നാണ് നൈജീരിയയുടെ നിലപാട്. അതേസമയം, നൈജീരിയയില്‍ ഫെബ്രുവരിയില്‍ പൊതു തെരഞ്ഞെടുപ്പാണ്.

ക്രൂഡ് ഓയില്‍ മറിച്ചുവില്‍പനയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഭരണകക്ഷിക്ക് ഇത്തരമൊരു കടല്‍ നാടകം രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാനുള്ള പിടിവള്ളിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ടുതന്നെ നാവികരുടെ മോചനം നീണ്ടേക്കാം.

കോടതിയുടെ അടുത്ത സിറ്റിങ് ജനുവരിയിലുമാണ്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ തിരിച്ചടിയാകുമെന്നാണ് സൂചന. അതിനിടെ, നാവികരെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കപ്പല്‍ കമ്ബനിയുടെ പരാതിയില്‍, നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും കടല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ജര്‍മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണിലും കേസ് നിലവിലുണ്ട്. ഈ വിഷയത്തിലും തീര്‍പ്പ് വരേണ്ടതുണ്ട്.

spot_img

Related Articles

Latest news