ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റുകളും ഒരു സെഞ്ച്വറിയും സംഭാവന ചെയ്ത ആര്‍ അശ്വിന്‍ ഇന്ത്യയുടെ വിജയത്തിലെ പ്രധാനികളില്‍ ഒരാള്‍ ആയിരുന്നു.
നാട്ടുകാരുടെ മുമ്പിൽ മികച്ച കളി പുറത്തെടുക്കാന്‍ ആര്‍ അശ്വിന് കഴിഞ്ഞു. അതില്‍ അശ്വിന് അഭിമാനിക്കാവുന്നതാണ്. പന്തുമായും ബാറ്റുമായും അശ്വിന്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍ എല്ലാം പൂര്‍ണ പിന്തുണ നല്‍കി ചെന്നൈ ഒപ്പം നിന്നു. ചുരുക്കത്തില്‍ അശ്വിന് കഴിഞ്ഞ ദിവസം നടന്ന കളി സ്വപ്ന സമാനമായിരുന്നു. കളിക്കളത്തിലെ ഓരോ നീക്കത്തെയും പന്തും ബാറ്റും ഉപയോഗിച്ചുള്ള ഓരോ നീക്കവും മികച്ചതാക്കി മാറ്റി.
തങ്ങളുടെ നാടിന്റെ കളിക്കാരന് മികച്ച പ്രോത്സാഹനമാണ് നാട്ടുകാരും നല്‍കിയത്. നാട്ടുകാരുടെ ഈ നിരന്തരമായ പ്രോത്സാഹനം കളിയില്‍ ഉടനീളം ഒരു പ്രധാന സവിശേഷത ആയിരുന്നു. അതുകൊണ്ടു തന്നെ, കളിയിലുട നീളം ഒരു നായകനെ പോലെയാണ് തനിക്ക് തോന്നിയതെന്ന് അശ്വിന്‍ പറഞ്ഞു. ഇംഗ്ലണ്ടിന് എതിരായ ജയത്തോടെ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ എം എസ് ധോണിയുടെ ടെസ്റ്റില്‍ 21 വിജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമെത്തി. ഒരു ടെസ്റ്റു കൂടി വിജയിച്ചാല്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന ബഹുമതി കോലിക്ക് സ്വന്തമാകും.
അതേസമയം, അശ്വിനുള്ള പ്രോത്സാഹനം സ്റ്റേഡിയത്തില്‍ നിന്ന് മാത്രമായിരുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും തമിഴില്‍ പ്രോത്സാഹനവുമായി എത്തി. അശ്വിന്‍ ബെന്‍ സ്റ്റോക്സിന് ബൗള്‍ ചെയ്തപ്പോഴാണ് ‘വേറെ ലെവല്‍, വേറെ ലെവല്‍’ എന്ന് തമിഴില്‍ പറഞ്ഞ് അശ്വിന് പ്രോത്സാഹനവുമായി കോലി എത്തിയത്.