മനാമ: സഖീറിലെ എക്സിബിഷന്‍ വേള്‍ഡ് സെന്ററില്‍ ആരംഭിച്ച ജ്വല്ലറി അറേബ്യ എക്സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ സന്ദര്‍ശിച്ചു.
ഉന്നത നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങള്‍, സ്വര്‍ണ്ണം, പ്ലാറ്റിനം ആഭരണങ്ങള്‍, കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍, വിവാഹ ആഭരണങ്ങള്‍ തുടങ്ങിയവ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്.
ജെംസ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 67 കയറ്റുമതിക്കാര്‍ ഉള്‍പ്പെടെ 80ഓളം ഇന്ത്യന്‍ കമ്ബനികള്‍ തങ്ങളുടെ ആഭരണ ശേഖരം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹസൂറിലാല്‍ ആന്റ് സണ്‍സ് ജ്വല്ലറി, കെ.കെ ജ്വല്ലറി, സിതാല്‍ ദാസ് സണ്‍സ്, ക്രിയേറ്റീവ് ഓവര്‍സീസ്, മേത്ത ആന്റ് സണ്‍സ്, ബി.എന്‍ ജുവല്‍സ്, റോസെറ്റ ജ്വല്ലേഴ്‌സ്, മോത്തിലാല്‍ ജ്വല്ലേഴ്‌സ്, ദേവിവ ജ്വല്ലേഴ്‌സ് തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പ്രമുഖ കമ്ബനികള്‍. ആഭരണ രംഗത്തെ ഇന്ത്യന്‍ കരുത്ത് പ്രകടമാക്കുന്ന പവലിയനെയും കമ്ബനികളെയും അംബാസഡര്‍ അഭിനന്ദിച്ചു.
ബഹ്റൈനുമായും മറ്റ് ജി.സി.സി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്ന ലോകത്തെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2021-22 സാമ്ബത്തിക വര്‍ഷം 39.14 ബില്യണ്‍ ഡോളറിെന്റ കയറ്റുമതിയാണ് ഈ രംഗത്തുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 54.13 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഇന്ത്യ കൈവരിച്ചത്.