റിയാദ്:പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്.
3400 കോടി രൂപയ്ക്ക് അല്‍ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള കൂടുമാറ്റം ജൂണിന് ശേഷമാകും എന്നും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ക്കയുടെ റിപ്പോര്‍ട്ട് പ്രകാരം റോണോയ്‌ക്ക് 400 മില്യണ്‍ യൂറോയാകും ആകെ പ്രതിഫലം എന്ന് പറയുന്നു.
വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആര്‍7ന് നന്ദി പറഞ്ഞു. യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം.
യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരം ക്ലബില്‍ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്ലബ് വിടാന്‍ സിആര്‍7 നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല.
എന്നാല്‍ സീസണിലെ ഏറെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോര്‍ഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നില്ലെന്നുമാണ് അഭിമുഖത്തില്‍ റോണോ വ്യക്തമാക്കിയത്.