ശബരി വെളിച്ചെണ്ണയിലും മായം, അടിയന്തരമായി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം

കോട്ടയം. സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈക്കോ വിതരണം ചെയ്ത ശബരി വെളിച്ചെണ്ണയിലും മായം. മൂന്നാര്‍ ഡിപ്പോയിലാണ് മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയത്.

ഇതോടെ വിതരണം നിറുത്തിവയ്ക്കാനും എല്ലാ ഡിപ്പോകളില്‍ നിന്നും ശബരിവെളിച്ചെണ്ണ തിരിച്ചെടുക്കാനും സപ്ലൈക്കോ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി. സ്റ്റോക്കുള്ള എല്ലാ ബാച്ചിലെയും വെളിച്ചെണ്ണ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും.

സ്വകാര്യ സ്ഥാപനമായ റോയല്‍ എഡിബിള്‍ കമ്ബനിക്കായിരുന്നു സപ്ലൈക്കോയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് കരാര്‍ നല്‍കിയിരുന്നത്. കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ പരിശോധിച്ച വെളിച്ചെണ്ണയിലാണ് മായം കണ്ടെത്തിയത്. ഇതോടെ കമ്ബനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കമ്ബനിയെ കരിമ്ബട്ടികയില്‍പെടുത്തണോ എന്ന് തീരുമാനിക്കും.

പൊതു വിപണിയില്‍ ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് 200 – 250 രൂപ വരെ ഉയര്‍ന്നതോടെ സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയ്ക്ക് വന്‍ ഡിമാന്‍ഡായിരുന്നു. ഒറ്റ ദിവസം കൊണ്ട് സ്റ്റോക്ക് മുഴുവന്‍ തീരുന്ന സ്ഥിതിയുണ്ടായി. റേഷന്‍ കാര്‍ഡിന് മാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയായിരുന്നു വിതരണം ചെയ്തിരുന്നത്. 92 രൂപയായിരുന്നു വില. ഡിമാന്‍ഡ് കൂടിയതോടെ വിതരണം അര ലിറ്ററായി കുറച്ചു. പിന്നീട് ഒരു ലിറ്ററാക്കിയപ്പോള്‍ അരലിറ്ററിന് സബ്സിഡി നിരക്കും ബാക്കി അര ലിറ്ററിന് പൊതുവിപണി വിലയും ചേര്‍ത്ത് ലിറ്ററിന് 128 രൂപ ആക്കി ഉയര്‍ത്തി. സബ്സിഡി ലഭിക്കണമെങ്കില്‍ മാര്‍ജിന്‍ വിലകൂടി അടയ്ക്കണമെന്ന അവസ്ഥയില്‍ ഉപഭോക്താക്കളെ സബ്സിഡി തട്ടിപ്പിനിരയാക്കി സപ്ലൈക്കോ പിഴിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് മായം കണ്ടെത്തിയത്.

തകര്‍ത്തത് വിശ്വാസ്യത

സപ്ലൈക്കോ വിതരണം ചെയ്യുന്നതിനാല്‍ ശബരി വെളിച്ചെണ്ണ ഗുണനിലവാരമുള്ളതെന്ന വിശ്വാസത്തിലായിരുന്നു ജനങ്ങള്‍. കൂടുതല്‍ കാലം ഇരിക്കില്ലെന്നും ശുദ്ധമായ വെളിച്ചെണ്ണയുടെ ഗന്ധത്തിന് പകരം പഴകിയ ഗന്ധമുണ്ടാകാറുണ്ടെന്ന പരാതിയും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. കൃത്യമായ പരിശോധന നടക്കാറില്ലാത്തതിനാല്‍ മാലിന്യം കലര്‍ന്ന വെളിച്ചെണ്ണ നല്‍കാന്‍ കരാര്‍ കമ്ബനിക്ക് കഴിയുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഇക്കാര്യത്തില്‍ ലഭിച്ചിരുന്നു. പൊതു ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് സാമ്ബിള്‍ പരിശോധനയിലാണ് സപ്ലൈകോയില്‍ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയിലും വ്യാജന്‍ വിലസുന്നതായ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്.

spot_img

Related Articles

Latest news