ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരുടെ ബഞ്ചിലിരുന്ന രാത്രിയിൽ പോർച്ചുഗലിനായി ഒരു നക്ഷത്രമുദിച്ചു. ഗൊൺസാലോ റാമോസ്. ഇരുപത്തൊന്നുകാരന്റെ ഹാട്രിക്കിൽ പോർച്ചുഗൽ സ്വിറ്റ്സർലൻഡിനെ 6–-1ന് തകർത്ത് ലോകകപ്പ് ക്വാർട്ടറിലേക്ക് കുതിച്ചു. മുപ്പത്തൊമ്പതുകാരൻ പെപെയും റാഫേൽ ഗുറെയ്റോയും റാഫേൽ ലിയാവോയും പോർച്ചുഗലിന്റെ മറ്റ് ഗോളുകൾ നേടി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.
റൊണാൾഡോയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്താതെയാണ് കോച്ച് ഫെർണാണ്ടോ സാന്റോസ് ടീമിനെ ഇറക്കിയത്. റാമോസ് ആദ്യമായി ഉൾപ്പെട്ടു. 20 മിനിറ്റിനുള്ളിൽ റാമോസിന്റെ വെടിയുണ്ട സ്വിസ് വലയിൽ തറച്ചു. പിന്നാലെ പെപെയുടെ ഹെഡർ. നോക്കൗട്ടിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി പെപെ (39 വർഷവും 283 ദിവസവും). കളി പൂർണമായും പോർച്ചുഗലിന്റെ കാലുകളിലായി. റാമോസ് ഹാട്രിക് പൂർത്തിയാക്കി. ഇതിനിടെ മാനുവൽ അക്കാഞ്ഞിയിലൂടെ ഒരെണ്ണം നേടി സ്വിസുകാർ ആശ്വാസം കണ്ടു. 73–-ാം മിനിറ്റിൽ റമോസിന് പകരമായി റൊണാൾഡോ കളത്തിലിറങ്ങി. 2008ലാണ് അവസാനമായി ഒരു പ്രധാന ടൂർണമെന്റിൽ റൊണാൾഡോ ആദ്യ പതിനൊന്നിൽ ഉൾപ്പെടാതെ പോകുന്നത്.