വിദ്യാര്‍ഥിയായി വേഷം മാറി റാഗിങ് കേസ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥ

ഭോപാല്‍: കേസ് തെളിയിക്കുന്നതിന് പൊലീസ് നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. വിദ്യാര്‍ഥിയായി വേഷം മാറി റാഗിങ് കേസ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം.

ശാലിനി ചൗഹാന്‍ എന്ന പൊലീസുകാരിയാണ്, ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായ റാഗിങ്ങിനിരയാക്കുന്നവരെ കണ്ടെത്തുന്നതിനായി മൂന്ന് മാസം വിദ്യാര്‍ഥിയായി അഭിനയിച്ചത്.

മധ്യപ്രദേശിലെ മഹാത്മാഗാന്ധി മെമ്മോറിയില്‍ മെഡിക്കല്‍ കോളജില്‍ റാഗിങ് നടക്കുന്നതായി വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഭയം കാരണം റാഗിങ് ചെയ്ത ആളുകളുടെ പേരുകള്‍ വെളിപ്പെടുത്താനോ പരാതിയുമായി മുന്നോട്ട് പോവാനോ വിദ്യാര്‍ഥികള്‍ തയാറായില്ല.

അന്വേഷണത്തിനായി പൊലീസ് കാമ്ബസിലെത്തിയപ്പോഴും വിദ്യാര്‍ഥികള്‍ പൊലീസുമായി സഹകരിച്ചില്ല. തുടര്‍ന്ന് ശാലിനിയോടും മറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍മാരോടും സാധാരണ വസ്ത്രത്തില്‍ കോളജിലും പരിസരത്തും സമയം ചെലവഴിക്കാനും വിദ്യാര്‍ഥികളോട് സംസാരിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വിദ്യാര്‍ഥിയുടെ വേഷത്തില്‍ കോളജിലെത്തിയ ശാലിനി കാന്‍റീനിലും മറ്റിടങ്ങളും വെച്ച്‌ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ തുടങ്ങി. കോളജിലെ വിദ്യാര്‍ഥിയാണ് ശാലിനിയെന്നു കരുതിയ വിദ്യാര്‍ഥികള്‍ റാഗിങിന്‍റെ കാര്യം തുറന്ന് പറയുകയായിരുന്നു. ഇതിലൂടെ റാഗിങ് നടത്തിയ 11 വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരം ശാലിനിക്ക് ലഭിച്ചു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗിങിനിരയാക്കിയ 11 വിദ്യാര്‍ഥികളേയും കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

spot_img

Related Articles

Latest news