യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്തകാല വിലക്ക്; പുതിയ നിയമം പാസാക്കി ന്യൂസിലാന്‍ഡ്

യുവാക്കള്‍ സിഗരറ്റ് വാങ്ങുന്നതിന് ആജീവനാന്തകാല വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്.

പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ പുകയില വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്.

ഇതോടെ, അമ്ബത് വര്‍ഷം കഴിഞ്ഞ് സിഗരറ്റ് വാങ്ങാന്‍ ശ്രമിക്കുന്നയാള്‍ക്ക്, തനിക്ക് 63 വയസ്സുണ്ടെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കാണിക്കേണ്ടിവരും. 2025ഓടെ ന്യൂസിലാന്‍ഡിനെ പുകയില വിമുക്ത രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യ സംഘടനകളും. ന്യൂസിലാന്‍ഡില്‍ 6,000 ചില്ലറ വില്‍പ്പനക്കാര്‍ക്കാണ് സിഗരറ്റ് വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നത്. ഇത് 600 ആി കുറയ്ക്കുകയും ചെയ്തു. സിഗരറ്റില്‍ ചേര്‍ക്കുന്ന നിക്കോട്ടിന്റെ അളവ് കുറയ്ക്കാനും നിയമം നിര്‍ദേശിച്ചിട്ടുണ്ട്.

ഉപയോഗിക്കുന്ന പകുതി ആളുകളെ കൊല്ലുന്ന ഒരു ഉല്‍പ്പന്നം വില്‍ക്കാന്‍ അനുവദിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യമന്ത്രി ഡോ. അയേഷ വെറല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. പുകവലി കാരണമുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതായാല്‍ ആരോഗ്യ മേഖലയില്‍ മില്ല്യണ്‍ കണക്കിന് പണം ലാഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചു. 46ന് എതിരെ 76 വോട്ടിനാണ് ബില്ല് പാസാക്കിയത്. സിഗരറ്റ് വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയിലാകുമെന്ന് ബില്ലിനെ എതിര്‍ത്ത് ലിബറേഷന്‍ ആക്‌ട് പാര്‍ട്ടി പറഞ്ഞു.

അതേസമയം, ഇലക്‌ട്രോണിക് സിഗരറ്റുകള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. 2012 നവംബര്‍ മാസത്തില്‍ 16 ശതമാനം യുവാക്കള്‍ ദിനംപ്രതി സിഗരറ്റ് വലിച്ചിരുന്നെങ്കില്‍, 2022 നവംബറില്‍ ഇത് 8 ശതമാനമായി കുറഞ്ഞെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

spot_img

Related Articles

Latest news