ന്യൂഡല്‍ഹി : നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പലായ ‘മോര്‍മുഗാവോ’ ഇന്ന് കമ്മിഷന്‍ ചെയ്യും.
മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. സേനാ പദ്ധതിയായ പ്രോജക്‌ട് 15ബിയുടെ ഭാഗമായി നിര്‍മിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്.
അത്യാധുനിക റഡാര്‍ സംവിധാനങ്ങളുള്ള കപ്പലിന് ബറാക്, ബ്രഹ്മോസ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുണ്ട്. മണിക്കൂറില്‍ 56 കിലോമീറ്ററാണ് പരമാവധി വേഗം. സേനയുടെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ ആണു കപ്പലുകള്‍ രൂപകല്‍പന ചെയ്തത്.
ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ല്‍ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു രണ്ടു യുദ്ധക്കപ്പലുകള്‍ 2025 ന് അകം കമ്മിഷന്‍ ചെയ്യുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.