നഗരം വിറച്ച കൊലപാതകം; നാലാം ദിവസം പ്രതി പിടിയില്‍

കോഴിക്കോട്: നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസിലെ പ്രതി നാലാം ദിവസം പിടിയിലായി. തമിഴ്നാട് കടലൂര്‍ ജില്ലയിലെ അയന്‍കുറിഞ്ചിപ്പാടി, പട്ടൈ സ്ട്രീറ്റ് സ്വദേശി അര്‍ജുന്‍ (19) ആണ് സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പൊലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ പിടിയിലായത്.

തമിഴ്നാട് സ്വദേശിയായ പത്തൊന്‍പതുകാരന്‍ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ്. പ്രതിയെ ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ പതിനൊന്നാം തിയതി രാത്രിയിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി സാദേഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ജില്ലാ പൊലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്ക്വാഡിനെയും ടൗണ്‍ പൊലീസിനെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മൃതദേഹം കണ്ട വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സി.സി.ടി.വി കാമറകള്‍ കേടായി കിടക്കുകയായിരുന്നു.

മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മനസിലായത്. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും പത്ത് പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവദിവസം രാത്രി ഏഴേമുക്കാലിന് സാദേഖിനെ ഫോണ്‍ ചെയ്തപ്പോള്‍ മാര്‍ക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞത്. പിന്നീട് വിളിച്ചെങ്കിലും ഫോണ്‍ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല.

പിന്നീട് നടന്ന അന്വേഷണത്തില്‍രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദേഖ് മദ്യപിക്കുന്നത് സി.സി.ടി.വി ദൃശ്യത്തിലൂടെ മനസിലായി. തുടര്‍ന്ന് സാദിഖും ഒരു വെളുത്ത ടീ ഷര്‍ട്ട് ധരിച്ച ആളും ഒരുമിച്ച്‌ ബാറില്‍ നിന്നും പുറത്തിറങ്ങി കൊലപാതക സ്ഥലത്തേക്ക് നടന്നുപോയി. അല്പം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടുകാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതാണ് കണ്ടത്. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തുടരന്വേഷണം നടത്തിയത്.

നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു.കൊലപാതകം നടത്തിയശേഷം തമിഴ്നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിക്കായി സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച്‌ അന്വേഷണ സംഘം കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ക്ക് ചെന്നൈ റെഡ് ഹില്‍ പൊലീസ് സ്റ്റേഷനില്‍ 15 വയസ് പ്രായമുള്ള നാഗരാജ് എന്ന ബാലനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി കേരളത്തിലെത്തിയതാണെന്ന് മനസിലായത്.

ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. പഴയ കൊലപാതക കേസ് നടത്തുന്നതിനായി പണം ആവശ്യമായിവന്നപ്പോള്‍ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍ നിന്നും പ്രതി അര്‍ജുന്‍ പരിചയപ്പെട്ട സാദേഖ് ഷെയ്ഖിന്റെ കീശയില്‍ പണം കണ്ടതിനെ തുടര്‍ന്ന് പുറകെ കൂടുകയായിരുന്നു. ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദേഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ കഴുത്തിന് പിടിച്ച്‌ തള്ളി താഴെ വീഴ്ത്തിയ ശേഷം അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്.

spot_img

Related Articles

Latest news