പത്തനാപുരം: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതില് മനം നൊന്ത് ആത്മഹത്യ ചെയ്ത സ്വകാര്യ ബാങ്ക് അസി. മാനേജരായ യുവതിയില്‍ നിന്ന് സുഹൃത്ത് പലതവണയായി കൈക്കലാക്കിയത് 30 പവനും ലക്ഷക്കണക്കിന് രൂപയും.
ബംഗളൂരുവില്‍ ഐ.ടി കമ്ബനിയില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്ററും ബാങ്ക് ഐ.ടി സപ്പോര്‍ട്ടറുമായ അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി വി.മുഗേഷാണ് (39) അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന മുഗേഷ് വിവാഹ വാഗ്ദാനം നല്കി യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണവും പണവും കൈക്കലാക്കിയശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി.യുവതി താമസിച്ചിരുന്ന പത്തനാപുരം ജനത ജംഗ്ഷനിലെ വാടക വീട്ടില്‍ ഒക്ടോബര്‍ 30നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിലയില്‍ എഴുതി തള്ളിയ കേസില്‍ പൊലീസിനുണ്ടായ സംശയങ്ങളാണ് തുടരന്വേഷണത്തിന് കാരണമായത്. ഡയറിയില്‍ രേഖപ്പെടുത്തിയ മരണമൊഴിയില്‍ മുഗേഷ് പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന് സൂചിപ്പിച്ചിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിലെ മെസേജുകള്‍ വീണ്ടെടുത്താണ് പ്രതിയിലേക്ക് എത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മുഗേഷ് കുറ്റം സമ്മതിച്ചു. 30 പവനും യുവതിയുടെ ലാപ്ടോപ്പും മുഗേഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്. ഇതിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പുനലൂര്‍ ഡിവൈ.എസ്.പി ബി.വിനോദ് പറഞ്ഞു. പത്തനാപുരത്ത് വാടക വീട് സംഘടിപ്പിച്ച് നല്കിയതും മുഗേഷാണ്. ഇവിടെ പല ദിവസങ്ങളിലും മുഗേഷ് വരാറുണ്ടായിരുന്നതായും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുഗേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.