കൊല്ലം : നല്ല ആഹാരമാണ് നല്ല ഔഷധമെന്ന് പലരും പറയാറുണ്ട്. ഈ സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണശാലയുണ്ട് കുണ്ടറ കേരളപുരം സെന്റ് വിന്‍സന്റ് സ്കൂളിന് സമീപം.
കേരളപുരം കോട്ടവിള മുരളിസദനത്തില്‍ രഘുനാഥന്‍പിള്ളയും മകന് രാഹുലുമാണ് കെവിടിആര് ഫുഡ്സ് പ്രൊഡക്ട്സ് എന്ന പേരിലുള്ള ഭക്ഷണശാല നടത്തുന്നത്. മായമില്ലാത്ത ശുദ്ധമായ വിഭവങ്ങള്‍ വിളമ്ബുന്നു എന്നതാണ് പ്രത്യേകത. മുളപ്പിച്ച ധാന്യക്കൂട്ടുകള്‍ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയാണ് പ്രധാന വിഭവം. ഗോതമ്ബ്, മുതിര, ഉലുവ, ചെറുപയര്‍ എന്നിവയാണ് ചേരുവകള്‍. ഒപ്പം ചെറുപയര്‍ തോരനും അച്ചാറുമുണ്ട്. വെള്ളത്തിലിട്ട് മുളപ്പിച്ച പയര്‍ ആവിയില്‍ വേവിച്ച് വെളുത്തുള്ളി, ജീരകം, പച്ചമുളക്, തേങ്ങ എന്നിവ ചതച്ച് ചേര്‍ത്താണ് തോരന്‍ തയ്യാറാക്കുന്നത്. വെളിച്ചെണ്ണയോ കറിപൗഡറുകളോ ചേര്‍ക്കുന്നില്ല. അതുകൊണ്ടു തന്നെ പലവിധ അസുഖങ്ങള്‍ ഉള്ളവര്‍ക്കും കഞ്ഞി കുടിക്കാം. വിനാഗിരി ചേര്‍ക്കാത്ത അച്ചാര്‍ അന്നന്നു തന്നെ ഉണ്ടാക്കുന്നതാണ്. ഒരു പ്ലേറ്റ് കഞ്ഞിക്കും പയറിനും 80 രൂപയാണ് വില. ആവശ്യക്കാര്‍ക്ക് രണ്ടാമതും വിളമ്ബും. എല്ലാ ദിവസവും പകല്‍ മൂന്നു മുതല്‍ രാത്രി പതിനൊന്നു വരെയാണ് കട പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് ആറു മുതല്‍ കഞ്ഞി വിളമ്ബിത്തുടങ്ങും.
ചായകുടിക്കാം എണ്ണപ്പലഹാരമില്ലാതെവൈകിട്ട് ചായയും ചെറുകടികളുമുണ്ടെങ്കിലും എണ്ണപ്പലഹാരങ്ങളില്ല എന്നതാണ് ഈ കടയുടെ മറ്റൊരു പ്രത്യേകത. ഇലയപ്പവും എള്ളുണ്ടയുമാണ് പ്രധാന വിഭവം. ചെമ്ബാ ഇടിയപ്പം, ചെമ്ബാ പുട്ട്, റാഗിപ്പുട്ട്, ചോളപ്പുട്ട്, അരി പ്പുട്ട്, ഗോതമ്ബു പുട്ട് എന്നിവയുമുണ്ട്. ഒപ്പം മീന്‍കറി, മുട്ടക്കറി, വെജിറ്റബിള്‍ കറി എന്നിവയും വിളമ്ബുന്നു. മണിക്കൂറുകളോളം വെള്ളത്തില്‍ കുതിര്‍ത്ത് വിഷാംശം കളഞ്ഞശേഷം പൊടിച്ചെടുക്കുന്ന ധാന്യപ്പൊടി ഉപയോഗിച്ചാണ് പാചകം.