ശ്രീനഗര്‍ : പുല്‍വാമയില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ കുടുംബത്തിന്റെ സ്വത്ത് ശനിയാഴ്ച ജമ്മു കാശ്മീര്‍ പൊലീസ് കണ്ടുകെട്ടി.
തീവ്രവാദികള്‍ക്ക് അഭയവും സഹായവും നല്‍കിയ കൂട്ടാളികളായ ജഹാംഗീര്‍ അഹമ്മദ് ലോണിന്റെയും, ഉമര്‍ ഷാഫി ലോണിന്റെയും പിതാവ് മുഹമ്മദ് ഷാഫി ലോണിന്റെ സ്വത്താണ് പൊലീസ് കണ്ടുകെട്ടിയത്. ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കണ്ടുകെട്ടല്‍. ഇവര്‍ക്കൊപ്പം ഭീകരവാദത്തെ പിന്തുണയ്ക്കുന്ന 649 പേര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. പ്രതിരോധ തടങ്കല്‍ നിയമപ്രകാരമാവും കേസെടുക്കുക.
ജമ്മു കാശ്മീര്‍ ഡിജിപിയുടെ കണക്കനുസരിച്ച്, 2022 ല്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് 28 പേരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഭീകര വേട്ടയുടെ വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. 186 ഭീകരരെ വിവിധ ഓപ്പറേഷനുകളിലൂടെ സൈന്യവും പൊലീസും വധിച്ചു. ഇവരില്‍ 56 പേര്‍ പാക് ഭീകര ബന്ധമുള്ള വിദേശികളാണ്. 159 ഭീകരരെ ഇക്കാലയളവില്‍ ജീവനോടെ പിടികൂടി ചോദ്യം ചെയ്യാനും സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിഞ്ഞു. തീവ്രവാദത്തെ പിന്തുണച്ച 557 പേര്‍ക്കെതിരെ കേസും ചാര്‍ജ് ചെയ്‌തെന്നും ഡിജിപി ദില്‍ബാഗ് സിംഗ് വെളിപ്പെടുത്തി.