നോട്ട് നിരോധനം: ഹരജികളില്‍ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: നോട്ട് നിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച 58 ഹരജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.

2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ശൈത്യകാല അവധിക്ക് ശേഷം സുപ്രീംകോടതി വീണ്ടും തുറക്കുന്നത് ജനുവരി രണ്ടിനാണ്.

വിഷയത്തില്‍ രണ്ട് വ്യത്യസ്ത വിധികള്‍ ഉണ്ടാകുമെന്നാണ് തിങ്കളാഴ്ചത്തെ സുപ്രീം കോടതിയുടെ കേസ് പട്ടിക നല്‍കുന്ന സൂചന. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, ബി.വി. നാഗരത്‌ന എന്നിവരാണത് പ്രഖ്യാപിക്കുക. എന്നാല്‍ രണ്ട് വിധികളും അനുകൂലമാണോ പ്രതികൂലമാണോ എന്നതില്‍ വ്യക്തതയില്ല. ജസ്റ്റിസുമാരായ നസീര്‍, ഗവായ്, നാഗരത്‌ന എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, റിസര്‍വ് ബാങ്ക് അഭിഭാഷകന്റെയും പി. ചിദംബരം, ശ്യാം ദിവാന്‍ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.

നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ചിദംബരം, ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കാന്‍ സര്‍ക്കാറിന് സ്വന്തംനിലയില്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിന്റെ ശിപാര്‍ശയില്‍ മാത്രമെ സാധിക്കൂവെന്നും വാദിച്ചു. അതേസമയം, നടപടി വ്യാജ നോട്ട്, തീവ്രവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും മികച്ച തീരുമാനമാണെന്നും അടുത്തിടെ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

spot_img

Related Articles

Latest news