ദോഹ: ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ കതാറ കള്‍ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ നടക്കുന്ന മൂന്നാമത് കതാറ ഇന്റര്‍നാഷനല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവലില്‍ മൊത്തം പ്രൈസ് മണി 1.78 കോടി റിയാല്‍ (ഏകദേശം 40കോടി രൂപ).
2022ലേതുപോലെ ഇക്കുറിയും ഫെസ്റ്റിവല്‍ മൂന്നു ഘട്ടങ്ങളായാണ് അരങ്ങേറുക. പെനിന്‍സുല ഷോ ഫെബ്രുവരി ഒന്നുമുതല്‍ നാലുവരെയും അറേബ്യന്‍ കുതിര ലേലം ഫെബ്രുവരി ഏഴിനും ടൈറ്റില്‍ ഷോ ഫെബ്രുവരി എട്ടുമുതല്‍ 11 വരെയും നടക്കും. കുതിരകള്‍ക്കുള്ള വിശ്രമ സ്ഥലം, വേദി, ഇവന്റ് ടെന്റ് എന്നിവ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്ത സീസണില്‍ ഫെസ്റ്റിവല്‍ കേമമായിരിക്കുമെന്നും മികവുറ്റ അറേബ്യന്‍ കുതിരകള്‍ പങ്കെടുക്കാനെത്തുമെന്നും കതാറ ഹോഴ്സ് ഫെസ്റ്റിവല്‍ അധികൃതര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആണ്. 500 റിയാലാണ് രജിസ്ട്രേഷന്‍ ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് kiahf.qa എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഈ വര്‍ഷം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കുതിരകളുടെ ഉടമകള്‍ക്ക് രാജ്യത്തേക്കുള്ള എന്‍ട്രി വിസയ്ക്ക് kiahf-registration.katara.net എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.
ഇതുവരെ 38 കുതിരകളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രാദേശിക, രാജ്യാന്തര അറേബ്യന്‍ കുതിര ചാമ്ബ്യന്‍ഷിപ്പുകളില്‍ താല്‍പര്യം വളര്‍ത്തുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ കതാറ അധികൃതര്‍ വ്യക്തമാക്കി. കുതിരകളെ വില്‍ക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഇടമൊരുക്കുകയും ഉന്നമിടുന്നു.