സ്‌കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമാക്കാന്‍ എന്‍സിഇആര്‍ടി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ലിംഗ നിഷ്പക്ഷമാക്കാന്‍ എന്‍സിഇആര്‍ടി നിര്‍ദ്ദേശം.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് നല്‍കിയ കരട് നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് എല്ലാ വസ്ത്രങ്ങളിലും സൗകര്യമായിരിക്കില്ല. അതിനാല്‍ അവര്‍ക്ക് ലിംഗ നിഷ്പക്ഷ യൂണിഫോം തിരഞ്ഞെടുക്കാം.

അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരു ഡിസൈനര്‍ സ്ഥാപനം രൂപകല്‍പ്പന ചെയ്തതാവണം യൂണിഫോം. ലിംഗഭേദമില്ലാതെ പാന്‍റ്സ്, ഷര്‍ട്ട് തുടങ്ങിയ യൂണിഫോമുകള്‍ എല്ലാത്തരം സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമാണെന്നും നിര്‍ദേശത്തിലുണ്ട്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്കൂള്‍ ജീവനക്കാരുടെ നിയമനങ്ങളില്‍ ലിംഗഭേദമില്ലാതെ ട്രാന്‍സ്ജെന്‍ഡറുകളെയും നിയമിക്കണം.

ലിംഗം അടയാളപ്പെടുത്തുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴ്സുകള്‍ക്കുമുള്ള അപേക്ഷാ ഫോമുകളില്‍ ‘ട്രാന്‍സ്ജെന്‍ഡര്‍’ വിഭാഗം ഉള്‍പ്പെടുത്തണം. അവര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പിന് വ്യവസ്ഥ ചെയ്യണം. ഇവര്‍ക്കെതിരായ റാഗിംഗ് തടയാന്‍ പ്രത്യേക കമ്മറ്റികള്‍ രൂപീകരിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, അധ്യാപകര്‍, പരിശീലനം ലഭിച്ച സൈക്കോളജിക്കല്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാകണമെന്നും കരടില്‍ പറയുന്നു.

spot_img

Related Articles

Latest news