കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം.
കെ.എസ്.ഇ.ബി നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കായി പത്ത് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ചെലവ് 8,175 കോടി രൂപയാണ്. ഇതാണ് കനത്ത സാമ്ബത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത്.
ചെലവ് 8175 കോടി എന്നാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കണക്കെങ്കിലും യഥാര്‍ത്ഥ ചെലവ് ടെണ്ടര്‍ വഴി മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സ്മാര്‍ട്ട് മീറ്ററൊന്നിന് ആറായിരം രൂപയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ചെലവ് ഇതിലും വര്‍ധിക്കും. ആര്‍.ഡി.എസ്.എസ് പദ്ധതിയുടെ മാര്‍ഗരേഖ പ്രകാരം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ചെലവാകുന്ന തുക 93 മാസം കൊണ്ട് കരാറെടുത്ത കമ്ബനിക്ക് തിരികെ നല്‍കണം. ഇതു ജനങ്ങളില്‍ നിന്നും തിരിച്ചുപിടിക്കാനാണ് ആര്‍.ഡി.എസ്.എസ് പദ്ധതി മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. ഇതു പരിപാലന ചെലവായി കണക്കാക്കി റെഗുലേറ്റി കമ്മിഷന് നല്‍കുകയും പ്രതിമാസം ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാനുമാണ് നീക്കം. ഇതോടെ ഒരു ഉപഭോക്താവ് പ്രതിമാസം 100 രൂപ അധികം നല്‍കണം. നിലവിലെ രീതിയില്‍ ഒരു ബില്ലിനൊപ്പം 200 രൂപ അടയ്‌ക്കേണ്ടി വരും. ഇതിനായി പ്രോജക്‌ട് മാനേജ്‌മെന്റ് ഏജന്‍സിയെ ക്ഷണിച്ചു കൊണ്ടുള്ള ടെണ്ടര്‍ സംസ്ഥാന സര്‍ക്കാര്‍ വെബ് സൈറ്റില്‍ വന്നുകഴിഞ്ഞു.
എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്മാര്‍ട്ട് മീറ്റര്‍ കരാര്‍ ഏല്‍പ്പിച്ചാല്‍ ചെലവ് മീറ്ററൊന്നിന് രണ്ടായിരമായി കുറയും. അതിനു തയാറാകാതെ സ്വകാര്യ കമ്ബനിക്ക് കരാര്‍ നല്‍കാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനമായ സിഡാകിനെ ഒഴിവാക്കിയാണിത്. 2022 ഡിസംബര്‍ 14ന് സിഡാകിനെ കൂടി സ്മാര്‍ട്ട് മീറ്റര്‍ നടത്തിപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ ഐ.റ്റി ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ സുനിതാ വര്‍മ്മ ബോര്‍ഡ് ചെയര്‍മാന് കത്തു നല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് പൂഴ്ത്തിവച്ചാണ് സ്വകാര്യ കമ്ബനിക്ക് പദ്ധതി നടത്തിപ്പ് കൈമാറുന്നത്. വന്‍കിട കമ്ബനികള്‍ക്ക് മാത്രം ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലാക്കിയാണ് കെ.എസ്.ഇ.ബിയുടെ നീക്കം.