റിയാദിൽ ഇന്ന് മെസിയും റൊണോള്‍ഡോയും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും

റിയാദ്: ലയണല്‍ മെസിയും ക്രസ്റ്റ്യാനോ റൊണോള്‍ഡോയും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

സൗഹൃദ മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ ഇലവനെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ നേരിടും. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പര്‍ താരങ്ങള്‍ കളിക്കളത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയും കളിയ്ക്കുണ്ട്.

യൂറോപ്പ് വിട്ട് ഏഷ്യയിലേക്കെത്തിയ റൊണാള്‍ഡോയുടെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. ലോക കിരീടം നേടിയ മെസിയുടെ പിഎസ്ജിയാണ് എതിരാളികള്‍. ജനുവരി ആദ്യത്തില്‍ അല്‍ നസറില്‍ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചുവെങ്കിലും മത്സരത്തിനായി താരം ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടെ എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചതിനുള്ള രണ്ട് മത്സര വിലക്ക് നിലനില്‍ക്കുന്നതിനാലാണ് റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ കഴിയാതിരുന്നത്.

റൊണോള്‍ഡോ നായകനായ ഓള്‍ സ്റ്റാര്‍ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അല്‍-നാസര്‍, അല്‍-ഹിലാല്‍ എന്നീ ടീമില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ ഉവൈസ്, അബ്ദുല്‍മിദ്, ഗോണ്‍സാലസ്, ഹ്യുണ്‍ സൂ, കൊനാന്‍, സുലെര്‍, അല്‍ ഫറാജ്, റ്റലിസ്‌കാ, കാറിലോ, ഇഗ്ലോ, റൊണാള്‍ഡോ എന്നിവര്‍ ഉള്‍പ്പെട്ടതാണ് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന്‍. കെയ്‌ലര്‍ നവാസ്, ഹക്കീമി, റാമോസ്, ബെര്‍നറ്റ്, വിറ്റിനാ, സാഞ്ചസ്, സോളര്‍, മെസ്സി, എംബാപ്പെ, നെയ്മര്‍, ബിറ്റഷിബു എന്നിവരടങ്ങിയതാണ് പിഎസ്ജി ടീം.

മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരടങ്ങുന്ന ഫ്രഞ്ച് വമ്പന്‍മാരെ കീഴ്പ്പെടുത്തുക എളുപ്പമാവില്ല. ചരിത്രത്തിലിതുവരെ റൊണാള്‍ഡോയും മെസിയും തമ്മില്‍ ക്ലബ്, രാജ്യാന്തര വേദികളിലായി ഇതുവരെ 36 മത്സരങ്ങളാണ് അരങ്ങേറിയത്. അതില്‍ 16 തവണ മെസി ജയിച്ചപ്പോള്‍ 11 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ വിജയിച്ചത്.ഇന്ത്യയില്‍ തത്സമയ ടെലിവിഷന്‍ സംപ്രേഷണം ഇല്ല. അതേസമയം, പിഎസ്ജി ടിവി, ബിഇന്‍ സ്പോര്‍ട്സ് എന്നിവയിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

spot_img

Related Articles

Latest news