പുതിയ സുപ്രീം കോടതി ജ‌ഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ പ്രകാരം അഞ്ച് പുതിയ സുപ്രീം കോടതി ജ‌ഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി .

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ നിയമനത്തിനാണ് അനുമതി നല്‍കിയത്. പാനലിലേയ്ക്ക് നിര്‍ദേശിച്ച ജഡ്ഡിമാരുടെ നിയമനം വൈകിക്കുന്നതില്‍ സുപ്രീം കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിയമന വിജ്ഞാപനം പുറത്തിറക്കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കഴിഞ്ഞ ഡിസംബര്‍ 13 ന് അഞ്ചംഗ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവരുടെ നിയമന നടപടികള്‍ വൈകിപ്പിക്കുന്നതില്‍ കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തെ ഗൗരവതരമായി വിശേഷിപ്പിച്ച കോടതി കൊളീജിയം ശുപാര്‍ശകളില്‍ അസുഖകരമായ നടപടികള്‍ സ്വീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ അഞ്ച് ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണി കോടതിയില്‍ വ്യക്തമാക്കി.തുടര്‍ന്നാണ് ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രസ‌ര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിയമന ഉത്തരവില്‍ കേന്ദ്രത്തിന്റെ ഉറപ്പുപ്രകാരം രാഷ്ടപതി ഒപ്പിട്ട് വിജ്ഞാപനം പുറത്തിറക്കി. അഞ്ച് ജഡ്ജിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

spot_img

Related Articles

Latest news