73 വര്‍ഷമായി ടിക്കറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ട് പോകുന്ന ട്രെയിന്‍

ദിവസേന നിരവധി പേരാണ് ഇന്ത്യന്‍ റെയില്‍വേയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും സൗകര്യപ്രദവും ചെലവു കുറഞ്ഞതുമായ യാത്രാ മാര്‍ഗങ്ങളില്‍ ഒന്നാണിത്.

യാത്രാനിരക്കുകള്‍ നിങ്ങള്‍ സഞ്ചരിക്കുന്ന ട്രെയിനിനെയും യാത്ര ചെയ്യുന്ന ദൂരത്തെയും ആശ്രയിച്ചിരിക്കും. കഴിഞ്ഞ 73 വര്‍ഷങ്ങളായി രാജ്യത്തെ ഒരു ട്രെയിന്‍ യാത്രക്കാര്‍ക്ക് സൗജന്യ യാത്രാസേവനം നല്‍കുന്ന കാര്യം എത്ര പേര്‍ക്കറിയാം? ലോകത്തിലെ തന്നെ ഏക സൗജന്യ ട്രെയിന്‍ കൂടിയാണ് ഇത്.ഭക്ര ബിയാസ് മാനേജ്‌മെന്റ് റെയില്‍വേ ബോര്‍ഡിന്റെ കീഴിലുള്ള ഭക്രാനംഗല്‍ ട്രെയിന്‍ ആണിത്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ് അതിര്‍ത്തിയിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയില്‍ സഞ്ചരിക്കുന്ന ഈ തീവണ്ടി ശിവാലിക് മലനിരകളിലൂടെ സഞ്ചരിക്കുമ്ബോള്‍ സത്‌ലജ് നദിയും മുറിച്ചുകടക്കുന്നുണ്ട്

300-ഓളം ആളുകള്‍ ഈ ട്രെയിന്‍ ദൈനംദിന ഗതാഗതത്തിനായി ഉപയോഗിക്കുന്നു. ഇരുപത്തിയഞ്ചോളം ഗ്രാമത്തിലെ ജനങ്ങള്‍ ഈ ട്രെയിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രധാനമായും വിദ്യാര്‍ത്ഥികളും തൊഴിലാളികളുമാണ് ഈ ഗതാഗതമാര്‍ഗം പ്രയോജനപ്പെടുത്തുന്നത്. ഭക്രയ്ക്കും നംഗലിനും ഇടയിലുള്ള തീവണ്ടിപ്പാതയുടെ നിര്‍മാണം 1948-ലാണ് പൂര്‍ത്തിയായത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗല്‍ അണക്കെട്ട് നിര്‍മിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടുത്തെ പ്രദേശവാസികള്‍ക്കും തൊഴിലാളികള്‍ക്കും സഞ്ചരിക്കാന്‍ വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. 1963-ല്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി. പിന്നീട് സ‍ഞ്ചാരികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കുമായി ഈ ട്രെയിന്‍ സേവനം തുടര്‍ന്നു. ഈ ട്രെയിനില്‍ ടിടി ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ആദ്യം ഒരു സ്റ്റീം എഞ്ചിന്‍ ഉപയോഗിച്ചാണ് ഈ തീവണ്ടി ഓടിച്ചിരുന്നത്. എന്നാല്‍ 1953-ല്‍ അമേരിക്കയില്‍ മൂന്ന് ആധുനിക എഞ്ചിനുകള്‍ കൊണ്ടുവന്ന്, സ്റ്റീം എഞ്ചിന്‍ മാറ്റിസ്ഥാപിച്ചു. അതിനുശേഷം, ഇന്ത്യന്‍ റെയില്‍വേ ഈ എഞ്ചിന്റെ അഞ്ചോളം വകഭേദങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്, എന്നാല്‍ ട്രെയിനിന്റെ അറുപതു വര്‍ഷം പഴക്കമുള്ള എഞ്ചിന്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്.ഈ തീവണ്ടിയുടെ ബോഗികളും പ്രത്യേകത ഉള്ളവയാണ്. കറാച്ചിയില്‍ നിര്‍മിച്ചതാണ് അവ. ട്രെയിനുള്ളിലെ സീറ്റുകള്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ രാജ്യത്തുണ്ടായിരുന്നു ഓക്കുമരങ്ങള്‍ കൊണ്ട് നിര്‍മിച്ചവയാണ്. ഓരോ മണിക്കൂറിലും 18 മുതല്‍ 20 ലിറ്റര്‍ വരെ ഇന്ധനം ആവശ്യമാണ് ഈ ട്രെയിനിന്. എന്നിട്ടും ഈ സേവനം സൗജന്യമായി തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ് (ബിബിഎംബി) തീരുമാനിക്കുകയായിരുന്നു.

ചെലവുകള്‍ താങ്ങാനാകാത്തതിനാല്‍ സൗജന്യ സേവനം അവസാനിപ്പിച്ചാലോ എന്ന് 2011-ല്‍ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ് (ബിബിഎംബി) ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റി. വരുമാനം ഉണ്ടാക്കുക എന്നതിനപ്പുറം വളരെ പ്രധാനപ്പെട്ട കാര്യമാണ് ജനങ്ങള്‍ക്കായി ഈ ട്രെയിന്‍ സര്‍വീസ് വഴി തങ്ങള്‍ ചെയ്യുന്നതെന്ന് മനസിലാക്കിയും പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്ബര്യം കാത്തുസൂക്ഷിക്കണമെന്ന് തീരുമാനിച്ചും ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡ് ഇന്നും ഈ സേവനം തുടരുന്നു.

spot_img

Related Articles

Latest news