കോഴിക്കോടൻ സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെ മലയാള സിനിമയിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച ഹാസ്യ നടനാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായാണ് കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാറുള്ളത്. വ്യത്യസ്തമായ മുസ്ലിം സംഭാഷണശൈലിയാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യസ്തനാക്കുന്നത്.
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് മാമുക്കോയയുടെ ജനനം. കോഴിക്കോട് എം എം ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടകത്തിലഭിനയിക്കുമായിരുന്നു മാമുക്കോയ. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. നാടകവും കല്ലായിലെ മരമളക്കൽ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. പിന്നീട് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്യ്ത അറബി മുൻഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. കല്ലായി കൂപ്പിലെ അളവുകാരന്റെ പണിയിൽ നിന്നാണ് സിനിമ എന്ന മായാപ്രപഞ്ചത്തിലേക്ക് മാമുക്കോയ എത്തുന്നത്. അഭ്രപാളികളിൽ പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കുമ്പോഴും സ്ക്രീനുകൾക്ക് പുറത്ത് പട്ടിണിയുംദാരിദ്രവും എല്ലാ അനുഭവിച്ച് വളർന്ന ഒരു പച്ചയായ മനുഷ്യനായിരുന്നു മാമുക്കോയ. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമയിൽ മാമുക്കോയ നിറഞ്ഞു നിന്നു. അഭിനയത്തിന്റെ കോഴിക്കോടൻ മുഖം പിന്നീട് ജനകീയമായി.
കോഴിക്കോട് ഭാഗത്തെ നിരവധി സിനിമാ, നാടക, സാംസ്ക്കാരിക പ്രവർത്തകരുമായി വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്. പെരുമഴക്കാലം സിനിമയിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. മികച്ച ഹാസ്യ നടനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്