ഫുട്‌ബോള്‍ പരിശീലകയും ആദ്യ കാല ഫുട്‌ബോള്‍ താരവുമായ ഫൗസിയ മാമ്പറ്റ നിര്യാതയായി. നടക്കാവ് സ്‌കൂളില്‍ വിദ്യാര്‍ഥിയായിക്കെ തുടങ്ങി പരിശീലക എന്ന നിലയില്‍ വരെ കായികമേഖലയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാന്‍ പോലും മടി കാണിച്ചിരുന്ന കാലത്താണ് ഫൗസിയ മാമ്പറ്റ ഫുട്‌ബോളിനെ ജീവിതമാക്കിയത്.
ദേശീയ വനിതാ ഗെയിംസിലടക്കം കേരളത്തിന്റെ വല കാത്ത ഫൗസിയ, വെയ്റ്റ് ലിഫ്റ്റിങ്ങ്, പവര്‍ ലിഫ്റ്റിങ്, ഹാന്‍ഡ്‌ബോള്‍, ജൂഡോ ഇനങ്ങളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. പരിശീലക എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ചിട്ടുണ്ട്. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ സഹ പരിശീലക സ്ഥാനവും വഹിച്ചിട്ടുണ്ട്.